വിരമിക്കൽ പ്രഖ്യാപിച്ച് നാൻസി പെലോസി; യുഎസില്‍ ഇനി മത്സരിക്കില്ല
കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം കമലാ ഹാരിസിനു കൈമാറാൻ ജോബൈഡനെ പ്രേരിപ്പിച്ചത് പെലോസിയാണ്
നാൻസി പെലോസി Photo- Getty
ലോസ്ആഞ്ചലസ്: വിരമിക്കല്‍ പ്രഖ്യാപിച്ച് അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവ് നാൻസി പെലോസി. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പെലോസി അറിയിച്ചു.
85 വയസുള്ള പെലോസി നാലു പതിറ്റാണ്ടായി ജനപ്രതിനിധിസഭാംഗമാണ്. ഇത്തവണത്തെ കാലാവധി 2027 ജനുവരിയിലാണ് അവസാനിക്കുന്നത്. അതിനുശേഷം മത്സരിക്കില്ലെന്നാണ് അവർ ഇന്നലെ വീഡിയോ സന്ദേശത്തിൽ അറിയിച്ചത്.
നന്ദിയുള്ള ഹൃദയത്തോടെ നിങ്ങളുടെ അഭിമാനകരമായ പ്രതിനിധി എന്ന നിലയിലുള്ള അവസാന വർഷത്തെ സേവനത്തിനായി ഞാൻ കാത്തിരിക്കുന്നുവെന്നും പെലോസി വ്യക്തമാക്കുന്നു.
യുഎസിലെ ആദ്യ വനിതാ സ്പീക്കർ എന്ന ബഹുമതി പേറുന്ന പെലോസി ഏറ്റവും കരുത്തുറ്റ വനിതകളിലൊരാളുമായിരുന്നു. കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം കമലാ ഹാരിസിനു കൈമാറാൻ ജോ ബൈഡനെ പ്രേരിപ്പിച്ചതു പെലോസിയാണ്.
1987ൽ 47-ാം വയസ്സിൽ സാൻ ഫ്രാൻസിസ്കോയെ പ്രതിനിധീകരിച്ചാണ് പെലോസി ആദ്യമായി കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 2007ലാണ് സഭാ സ്പീക്കറായി തെരഞ്ഞെടുത്തത്. 2011 വരെ സ്പീക്കറായി തുടര്‍ന്നു.