പാക് തെരഞ്ഞെടുപ്പ്: വിജയം അവകാശപ്പെട്ട് നവാസ് ശരീഫ്

ഒടുവിൽ വോട്ടെണ്ണലിന്റെ ഫലം വരുമ്പോൾ 43 സീറ്റുകളാണ് പിഎംഎൽ എൻ നേടിയിട്ടുള്ളത്

Update: 2024-02-09 16:13 GMT
Advertising

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ദേശീയ തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് പാകിസ്താൻ മുസ്‌ലിം ലീഗ് (എൻ) നേതാവും മുൻ പ്രധാനമന്ത്രിയുമായ നവാസ് ശരീഫ്. തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഏറ്റവും വലിയ പാർട്ടിയായെന്നും സഖ്യസർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എത്ര സീറ്റ് അദ്ദേഹത്തിന്റെ പാർട്ടി നേടിയെന്ന് വ്യക്തമാക്കിയില്ല. 265 സീറ്റുകളിൽ ചിലതിൽ ഇപ്പോഴും വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുകയാണ്.

ഏറ്റവും ഒടുവിൽ വോട്ടെണ്ണലിന്റെ ഫലം വരുമ്പോൾ 43 സീറ്റുകളാണ് പിഎംഎൽ എൻ നേടിയിട്ടുള്ളത്. സർക്കാർ രൂപീകരിക്കാൻ വേണ്ട 133 എന്ന സംഖ്യയിൽനിന്ന് എത്രയോ പിറകിലാണ് പാർട്ടി. എന്നാൽ പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് (പിടിഐ) പിന്തുണക്കുന്ന സ്ഥാനാർത്ഥികൾ -59, പിപിപി (പി) -34, ജെയുഐ (എഫ്) -1, മറ്റുള്ളവർ -14 എന്നിങ്ങനെ സീറ്റ് നേടിയതായാണ് റിപ്പോർട്ടുകൾ.

അതേസമയം, സൈന്യം ഗൺ പോയിൻറിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നാണ് പിടിഐ അനുകൂലികൾ സമൂഹ മാധ്യമങ്ങളിൽ പറയുന്നത്. എക്‌സിലടക്കം ഇത് സംബന്ധിച്ച നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്.

വോട്ടെണ്ണൽ ഫലം പ്രഖ്യാപിക്കുന്നത് വൈകുന്നതിനെതിരെ പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകർ പലയിടത്തും പ്രതിഷേധിച്ചു. നിലവിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പിടിഐ പിന്തുണക്കുന്ന പല സ്വതന്ത്ര സ്ഥാനാർഥികളും നേരത്തെ ലീഡ് നേടിയിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News