നവാസ് ശരീഫ് അടുത്തമാസം പാകിസ്താനിൽ മടങ്ങിയെത്തും

നവാസ് ശരീഫിന്റെ മടങ്ങി വരവിനായി തന്റെ പാർട്ടി കാത്തിരിക്കുകയാണെന്ന് ധനമന്ത്രി അയാസ് സാദിഖ് പറഞ്ഞു

Update: 2022-12-07 15:46 GMT
Advertising

ഇസ്‍ലാമാബാദ്: മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് അടുത്ത മാസം പാകിസ്താനിൽ തിരിച്ചെത്തും. നവാസ് ശരീഫ് ജനുവരിയിൽ തിരിച്ചെത്തുമെന്നും ശരീഫിന്റെ മടങ്ങി വരവിനായി തന്റെ പാർട്ടി കാത്തിരിക്കുകയാണെന്നും ധന മന്ത്രി അയാസ് സാദിഖ് ജിയോ ടിവിയോട് പറഞ്ഞു.

ചികിത്സയുടെ ആവശ്യാർഥം നവാസ് ശരീഫ് ലണ്ടനിലാണ് കഴിയുന്നത്. അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയാത്ത സാഹചര്യമായിരുന്നു നവാസ് ശരീഫിന്. എന്നാല്‍  ഇമ്രാൻ ഖാൻ സർക്കാർ അവിശ്വാസപ്രമേയത്തിലൂടെ പുറത്തായതിന് പിന്നാലെ നവാസ് ശരീഫിന്റെ സഹോദരൻ ഷെഹബാസ് ശരീഫ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയും നവാസ് ശരീഫിന് രാജ്യത്തേക്ക് തിരിച്ചെത്താൻ വഴിയൊരുങ്ങുകയുമായിരുന്നു. ചുമതലയേറ്റ ഉടനെ തന്നെ ഷെഹബാസ് ശരീഫ് സർക്കാർ നവാസ് ശരീഫിന് പാസ്‌പോർട്ടും അനുവദിച്ചിരുന്നു. ഡിസംബറിൽ തിരിച്ചെത്തുമെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

അൽ അസീസിയ ഉരുക്ക് മിൽ അഴിമതിക്കേസിൽ 2018ലാണ് നവാസ് ശരീഫിന് കോടതി ശിക്ഷ വിധിച്ചത്. തുടർന്ന് വിദേശത്ത് ചികിത്സ അനുവദിക്കണമെന്നാവശ്യപ്പെട്ട് നവാസ് ശരീഫ് ലാഹോർ ഹൈകോടതിയെ സമീപിക്കുകയും 2019 നവംബറിൽ ലാഹോർ കോടതി നാലാഴ്ചത്തെ ജാമ്യം അനുവദിക്കുകയുമായിരുന്നു. എന്നാൽ ഈ അവധി മുതലെടുത്ത് ലണ്ടനിലേക്ക് പോയ നവാസ് ശരീഫ് അവിടെ തുടരുകയായിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News