തെഹ്‌റാൻ: ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. നെതന്യാഹുവിനെ 21-ാം നൂറ്റാണ്ടിലെ ഹിറ്റ്‌ലർ എന്ന് വിശേഷിപ്പിച്ച ഗാലിബാഫ് ആ ഭ്രാന്തൻ സയണിസ്റ്റ് നായയെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചുവെന്നും എക്‌സിൽ കുറിച്ചു.
''സയണിസ്റ്റ് ഭരണകൂടത്തിന്റെ കുറ്റവാളിയായ പ്രധാനമന്ത്രി, 21-ാം നൂറ്റാണ്ടിലെ ഹിറ്റ്‌ലർ, ഈ പ്രദേശത്തിന്റെ ഭാവിയെക്കുറിച്ചുള്ള സയണിസ്റ്റുകളുടെ പദ്ധതി മുമ്പത്തെക്കാൾ കൂടുതൽ വ്യക്തമാക്കി. ആ ഭ്രാന്തൻ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു''- ഗാലിബാഫ് എക്‌സ് പോസ്റ്റിൽ പറഞ്ഞു.
പ്രതിരോധത്തിന്റെ അവസാന ശക്തികേന്ദ്രം എന്നാണ് അദ്ദേഹം ഗസ്സയെ വിശേഷിപ്പിച്ചത്. ഫലസ്തീനെ സംരക്ഷിക്കുന്നതിനും മേഖലയിൽ കൂടുതൽ ഭീഷണി തടയുന്നതിനും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അതിന് മുസ്‌ലിം നേതാക്കൾ ഒന്നിക്കണമെന്നും ഗാലിബാഫ് പറഞ്ഞു.
ആഗസ്റ്റ് 12ന് ഇസ്രായേൽ ചാനലായ ഐ24ന് നൽകിയ അഭിമുഖത്തിൽ 'ഗ്രേറ്റർ ഇസ്രായേൽ' പദ്ധതി പിന്തുടരാനുള്ള തന്റെ ഉദ്ദേശ്യം നെതന്യാഹു വെളിപ്പെടുത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഗാലിബാഫിന്റെ എക്‌സ് പോസ്റ്റ്.
നെതന്യാഹുവിന്റെ 'ഗ്രേറ്റർ ഇസ്രായേൽ' പദ്ധതിക്കെതിരെ അറബ് നേതാക്കൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സൗദി അറേബ്യ, ഖത്തർ, അറബ് ലീഗ്, ഫലസ്തീൻ അതോറിറ്റി തുടങ്ങിയവർ നെതന്യാഹുവിന്റെ പദ്ധതിയെ അപലപിച്ചിരുന്നു. ബൈബിൾ അടിസ്ഥാനമാക്കിയുള്ള ചരിത്രപരമായി വിപുലമായ അതിർത്തികളോടുകൂടിയ ഒരു ഇസ്രായേലിനെയാണ് 'ഗ്രേറ്റർ ഇസ്രായേൽ' എന്ന ആശയം സൂചിപ്പിക്കുന്നത്. ഇന്നത്തെ ജോർദാൻ, ലെബനൻ, സിറിയ, ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ആ പ്രദേശം. ഇസ്രായേലിലെ വലതുപക്ഷ രാഷ്ട്രീയ നേതാക്കൾ, പ്രത്യേകിച്ച് കടുത്ത വലതുപക്ഷ സംഘങ്ങൾ, ഈ പ്രദേശങ്ങൾ പിടിച്ചെടുക്കാനോ നിയന്ത്രണത്തിലാക്കാനോ ഉള്ള ആഗ്രഹം എപ്പോഴും പങ്കുവയ്ക്കാറുണ്ട്.