ഗസ്സ നഗരം പൂർണമായും കീഴ്പ്പെടുത്താനുള്ള മുന്നൊരുക്കം തുടങ്ങി ഇസ്രായേൽ; കൂട്ടക്കുരുതിക്ക് വഴിയൊരുക്കുമെന്ന് യുഎൻ
തെൽ അവിവിൽ നെതന്യാഹുവിനെതിരെ പതിനായിരങ്ങളുടെ റാലി
ഗസ്സ സിറ്റി: ഗസ്സയിൽ 11 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ പട്ടിണിക്കൊലയിൽ മരിച്ചവരുടെ എണ്ണം 212 ആയി. ഇതിൽ നൂറിലേറെയും കുട്ടികളാണ്. കരമാർഗം കൂടുതൽ സഹായം എത്തിയില്ലെങ്കിൽ പട്ടിണിമരണം വ്യാപിക്കുമെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭക്ഷ്യവസ്തുക്കൾ എയർ ഡ്രോപ്പ് ചെയ്യുന്നത് പട്ടിണി മറികടക്കാൻ ഒട്ടും പര്യാപ്തമല്ലെന്നും യു.എൻ ഏജൻസികൾ അറിയിച്ചു. എന്നാൽ റഫ ഉൾപ്പടെ അതിർത്തികൾ വഴിയുള്ള സഹായ വിതരണത്തിന് കർശന നിയന്ത്രണം തുടരാൻ തന്നെയാണ് ഇസ്രായേൽ തീരുമാനം.
ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പുറമെ വെള്ളം, ഇന്ധനം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ രൂക്ഷമായ ക്ഷാമം കൂടിയാണ് ഗസ്സ അഭിമുഖീകരിക്കുന്നത്. ഭക്ഷണം തേടിയെത്തിയ 28 പേർ ഇന്നലെ ഇസ്രായേൽ സൈന്യത്തിന്‍റെ വെടിയേറ്റു മരിച്ചു.
ഗസ്സ നഗരം പൂർണമായി കീഴ്‍പ്പെടുത്താൻ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതോടെ ഇസ്രായേൽ നടപടികൾ ശക്തമാക്കി .ഇന്നുമുതൽ ആയിരക്കണക്കിന് റിസർവ് സൈനികരെ റിക്രൂട്ട് ചെയ്യാനാണ് നീക്കം. ഗസ്സ സിറ്റിയിൽ നിന്ന് പതിനായിരങ്ങളെ പുറന്തള്ളാനാണ് ഇസ്രായേൽ തീരുമാനം. വിപുലമായ കരയുദ്ധവും പദ്ധതിയുടെ ഭാഗമാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സൈനികമായി ഗസ്സയെ കീഴ്പ്പെടുത്തുക എളുപ്പമല്ലെന്നാണ് ഇസ്രായേൽ സൈന്യത്തിന്‍റെ നിലപാട്.
ബന്ദികളുടെ ജീവന് ഭീഷണി വരുത്തുന്ന പദ്ധതി ഉപേക്ഷിച്ച് ഹമാസുമായി കരാർ വേണം എന്നാവശ്യപ്പെട്ട് തെൽ അവീവിൽ ഇന്നലെ രാത്രി ആയിരങ്ങൾ പ്രതിഷേധിച്ചു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ സുരക്ഷാ വിഭാഗം നടത്തിയ ബലപ്രയോഗത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇസ്രായേലിന്‍റെ ഗസ്സ പദ്ധതിക്കെതിരെ വിവിധ യൂറോപ്യൻ, അറബ് രാജ്യങ്ങൾ രംഗത്തുവന്നു. ഇസ്രായേൽ പദ്ധതി കൂട്ട സിവിലിയൻ കുരുതിക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി യു.എന്നും ലോക രാജ്യങ്ങളും രംഗത്തെത്തി. പ്രശ്നം ചർച്ച ചെയ്യാൻ അടിയന്തര അറബ് ലീഗ് നേതൃയോഗം ഞായറാഴ്ച ചേരും.