സൗദിയിൽ ധാരാളം സ്ഥലമുണ്ട്, ഫലസ്തീൻ അവിടെ ഉണ്ടാക്കാം: നെതന്യാഹു
വാഷിങ്ടൺ സന്ദർശനവേളയിൽ ചാനൽ 14ന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം.
ജെറുസലേം: സൗദി അറേബ്യയിൽ ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ സൗദികൾക്ക് കഴിയുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ''സൗദി അറേബ്യയിൽ ഒരു ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും. അവർക്ക് അവിടെ ധാരാളം സ്ഥലമുണ്ട്''- ചാനൽ 14ന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം പ്രശ്‌നങ്ങൾക്ക് പരിഹാരമാവുമോ എന്ന ചോദ്യത്തിന് അത് ഇസ്രായേലിന്റെ സുരക്ഷക്ക് ഭീഷണിയാണ് എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ''ഫലസ്തീൻ രാഷ്ട്രം മാത്രമല്ല. ഒക്ടോബർ എഴ് എന്താണെന്ന് നിങ്ങൾക്ക് അറിയുമോ? അവിടെ ഒരു ഫലസ്തീൻ രാഷ്ട്രമുണ്ടായിരുന്നു, അതാണ് ഗസ്സ. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിൽ നിന്ന് നമുക്ക് എന്താണ് ലഭിച്ചത്? ഹോളോകോസ്റ്റിന് ശേഷമുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണ് അവർ നടത്തിയത്''-നെതന്യാഹു പറഞ്ഞു.
നെതന്യാഹുവിന്റെ വാഷിങ്ടൺ സന്ദർശനത്തിനിടെയാണ് അഭിമുഖം നടന്നത്. നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ഗസ്സ ഏറ്റെടുക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇസ്രായേലിനും സൗദി അറേബ്യക്കും ഇടയിൽ സമാധാനം സാധ്യമാണെന്ന് മാത്രമല്ല, അത് സംഭവിക്കുമെന്നാണ് താൻ കരുതുന്നതെന്ന് നെതന്യാഹുവും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ഇത് പൂർണമായും തള്ളിയ സൗദി അറേബ്യ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നത് വരെ ഇസ്രായേലുമായി ഒരു ബന്ധവും ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.