Editor - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്‌ഥാനാർഥി സൊഹ്‌റാൻ മംദാനിയെ പിന്തുണച്ച് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ. 'ഇന്ന് രാത്രി ഞാൻ അസംബ്ലിമാൻ സൊഹ്‌റാൻ മംദാനിയെ പിന്തുണക്കുന്നു.' ന്യൂയോർക്ക് ടൈംസ് ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിപ്രായ ലേഖനത്തിൽ ഹോച്ചുൾ എഴുതി. 'പ്രസിഡന്റിന്റെ തീവ്ര അജണ്ടകളെ നേരിടുന്നതിൽ സൊഹ്‌റാൻ മംദാനിയും ഞാനും നിർഭയരായി മുന്നോട്ട് പോകും.' അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തീരുമാനം നിലവിലെ മേയർ എറിക് ആഡംസിനും മുൻ ഗവർണർ ആൻഡ്രൂ ക്യൂമോക്കും തിരിച്ചടിയാണ്. ഇരുവരും പൊതുതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനിക്കെതിരെ സ്വതന്ത്രരായി മത്സരിക്കുന്നവരാണ്. ഡെമോക്രാറ്റിക് പ്രൈമറിയിൽ ക്യൂമോയെ പരാജയപ്പെടുത്തി മംദാനി നഗരത്തിന്റെ ഭരണത്തെ ഞെട്ടിച്ചിരുന്നു. വാടക മരവിപ്പിക്കുക, സൗജന്യ ശിശു സംരക്ഷണം, നഗരം നടത്തുന്ന പലചരക്ക് കടകൾ സ്ഥാപിക്കുക തുടങ്ങിയ വ്യാപകമായ വാഗ്ദാനങ്ങളാണ് മംദാനി ന്യൂയോർക്ക് വാസികൾക്ക് നൽകിയത്.
എന്നാൽ കോർപ്പറേറ്റ്, സമ്പത്ത് നികുതികൾ ഉയർത്താൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ചില നിലപാടുകൾ വാൾസ്ട്രീറ്റിനെയും ബിസിനസ് നേതാക്കളെയും അസ്വസ്ഥരാക്കി. എന്നാൽ നികുതികളിലോ കടത്തിലോ ഉണ്ടാകുന്ന ഏതൊരു വർധനവിനും ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണ്. കൂടാതെ ലെവികൾ ഉയർത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഹോച്ചുൾ പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മംദാനിയെ പലപ്പോഴും അധിക്ഷേപിച്ചിട്ടുണ്ട്. ഒരിക്കൽ അദ്ദേഹത്തെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ' എന്നാണ് ട്രംപ് വിളിച്ചത്.