'ചൈനയെപ്പോലെ ഒരു എതിരാളിയായി കാണരുത്, ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുന്നത് നയതന്ത്ര ദുരന്തം'; യുഎസിന് മുന്നറിയിപ്പുമായി നിക്കി ഹേലി

ഇന്ത്യയെ ബീജിങ്ങുമായി ബന്ധിപ്പിക്കരുതെന്ന് ഹേലി പറഞ്ഞു

Update: 2025-08-21 05:44 GMT

വാഷിംഗ്ടൺ: ഇന്ത്യക്കെതിരെയുള്ള തീരുവ യുദ്ധത്തിൽ യുഎസിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടനയിലെ മുൻ യുഎസ് അംബാസിഡര്‍ നിക്കി ഹേലി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും ആഗോള ശക്തിയാകാൻ ആഗ്രഹിക്കുന്ന ചൈനയെ നിയന്ത്രിക്കണമെങ്കിൽ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും നിക്കി പറഞ്ഞു.

ഏഷ്യയിലെ ചൈനീസ് ആധിപത്യത്തിനെതിരായി വര്‍ത്തിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യവുമായി 25 വര്‍ഷത്തെ ബന്ധം വഷളാക്കുന്നത് തന്ത്രപരമായ ദുരന്തമായിരിക്കുമെന്നും നിക്കി ഒരു ലേഖനത്തിൽ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെ റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് വിപരീതഫലമാണ് ഉണ്ടാക്കുകയെന്ന് നിക്കി വിമര്‍ശിച്ചു. "റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ വൻതോതിലുള്ള എണ്ണ വാങ്ങലുകളെ ലക്ഷ്യം വച്ചുള്ള ട്രംപിന്‍റെ നിലപാടിനോട് യോജിക്കുന്നു. എന്നാൽ ഇന്ത്യയെ ഒരു പങ്കാളിയെപ്പോലെ കാണുന്നതിനുപകരം ഒരു എതിരാളിയെപ്പോലെ കാണുന്നത് വലിയൊരു ദുരന്തമാകും സമ്മാനിക്കുകയെന്ന്'' നിക്കി ഹേലി ചൂണ്ടിക്കാട്ടി.

Advertising
Advertising

ഇന്ത്യയെ ബീജിങ്ങുമായി ബന്ധിപ്പിക്കരുതെന്ന് ഹേലി പറഞ്ഞു. "ഇന്ത്യയെ വിലപ്പെട്ട സ്വതന്ത്ര, ജനാധിപത്യ പങ്കാളിയെപ്പോലെയാണ് പരിഗണിക്കേണ്ടത് - ചൈനയെപ്പോലുള്ള ഒരു എതിരാളിയെപ്പോലെയല്ല," റഷ്യയുടെ എണ്ണയുടെ ഏറ്റവും വലിയ വാങ്ങുന്ന രാജ്യമായിരുന്നിട്ടും ചൈന സമാനമായ ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് ഹേലി അഭിപ്രായപ്പെട്ടു. ‘‘ഉൽപാദനമേഖല കാര്യക്ഷമമാക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുമ്പോഴും തുണിത്തരങ്ങൾ, വിലകുറഞ്ഞ ഫോണുകൾ, സോളർ പാനലുകൾ എന്നിവ പോലെ വേഗത്തിൽ ഉൽപാദിപ്പിക്കാൻ കഴിയാത്ത ഉൽപന്നങ്ങൾക്കായി ചൈനയെപ്പോലെ ആശ്രയിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. പ്രതിരോധ മേഖലയിൽ, ഇസ്രയേൽ ഉൾപ്പെടെയുള്ള ‌യുഎസിന്റെ സഖ്യകക്ഷികളുമായുള്ള ഇന്ത്യയുടെ വളർന്നുകൊണ്ടിരിക്കുന്ന സൈനിക ബന്ധം, ഇന്ത്യയെ യുഎസ് പ്രതിരോധ ഉപകരണങ്ങൾക്ക് നിർണായക വിപണിയാക്കും'' നിക്കി പറഞ്ഞു.

ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്താനുള്ള നീക്കത്തെ ഹേലി നേരത്തെയും എതിര്‍ത്തിരുന്നു. യുഎസ് ചൈനയ്ക്കുമേലുള്ള തീരുവ 90 ദിവസത്തേക്ക് നിർത്തിവെച്ചത് ഇരട്ടത്താപ്പാണെന്നും അവർ വിമർശിച്ചിരുന്നു. ഈ നീക്കം യുഎസ്-ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നും ശത്രുവായ' ചൈനയെ വെറുതെ വിടാതെ, ഇന്ത്യയെപ്പോലുള്ള ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം തകർക്കരുതെന്നും ഹേലി ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് എക്കാലവും ഹേലി സ്വീകരിച്ചിട്ടുള്ളത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News