'ഈ ദ്വീപിലേക്ക് പോയവരാരും തിരിച്ചുവന്നിട്ടില്ല'; ആളെക്കൊല്ലുന്ന നിഗൂഢ ദ്വീപിനെക്കുറിച്ചറിയാം

മാന്ത്രിക കഥകളിൽ മാത്രം കേട്ടുപരിചയമുള്ള ഈ അവസ്ഥയ്ക്ക് പിന്നിലുള്ള യാഥാർഥ്യം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല

Update: 2025-10-22 10:30 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | Special Arrangement

ലോകത്തിലെ നിരവധി നിഗൂഢ ദ്വീപുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇന്ത്യയിലെ നോർത്ത് സെന്റിനൽ ദ്വീപ്, ബ്രസീലിലെ സ്നേക്ക് ദ്വീപ്, മെക്സിക്കോയിലെ പാവകളുടെ ദ്വീപ് (ലാ ഇസ്ല ഡി ലാസ് മുനെകാസ്) എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ദ്വീപുകൾ മനുഷ്യന് മനസിലാക്കാൻ കഴിയാത്ത നിഗൂഢതകൾ ഒളിപ്പിച്ചുവെക്കുന്നുണ്ട്.

അതുപോലെ നി​ഗൂഢതകളാൽ ചുറ്റപ്പെട്ട മറ്റൊരു ദ്വീപ് കെനിയയിലെ വിക്ടോറിയ തടാകത്തിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഒരിക്കല്‍ കയറിയാല്‍ പിന്നെ മടക്കമില്ലാത്തൊരു ദ്വീപ്‌. 'തിരിച്ചുവരവില്ലാത്ത ദ്വീപ്' എന്നാണ് ഇതറിയപ്പെടുന്നത്. മാന്ത്രിക കഥകളിൽ മാത്രം കേട്ടുപരിചയമുള്ള ഈ അവസ്ഥയ്ക്കു പിന്നിലുള്ള യാഥാർഥ്യം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല.

Advertising
Advertising

കെനിയയിലെ ടെർക്കാന തടാകത്തിലെ അനേകം ദ്വീപുകളിൽ ഒന്നാണ് എൻവൈറ്റനേറ്റ്. എൻവൈറ്റനേറ്റ് എന്ന പേരിന് ഗോത്രഭാഷയിൽ നോ റിട്ടേൺ എന്നാണ് അർഥം. ദ്വീപിന്റെ സ്വഭാവത്തിനനുസരിച്ച് ഇട്ടതാണു പേര്. സന്ദർശകരെ വേട്ടയാടുന്ന ദുഷ്ടാത്മാക്കൾ ദ്വീപിൽ ഉണ്ടെന്നും രാത്രിയിൽ ദ്വീപിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ കേൾക്കാമെന്നുമാണ് അടുത്ത ദ്വീപുകാര്‍ പറയുന്നത്.

ദ്വീപിലെ ഒരു പുരാതന ഗോത്രം ദൈവങ്ങളെ അപമാനിച്ചുവെന്നും അതിന്റെ ഫലമായി ദ്വീപ് മുഴുവൻ മുങ്ങിപ്പോവുകയും, അതിലെ ആളുകൾ അപ്രത്യക്ഷരായി മാറുകയും ചെയ്തു. അങ്ങനെ തിരിച്ചുവരവില്ലാത്ത ദ്വീപ് ആയി മാറിയെന്നുമാണ് ദ്വീപുകാരുടെ വിശ്വാസം.

ഫ്യൂക്സ് എന്ന ബ്രിട്ടീഷ് പര്യവേഷകന്‍റെ സംഘത്തിലെ രണ്ടുപേര്‍ അവിടെച്ചെന്ന് കാണാതായതോടെയാണ് ദ്വീപ് കൂടുതല്‍ അറിയപ്പെട്ടു തുടങ്ങിയത്. 1935ലാണ് വിവിയന്‍ ഫ്യൂക്സ് എന്ന ബ്രിട്ടീഷ് പര്യവേഷകന്‍ ടെര്‍ക്കാന തടാകത്തിനു ചുറ്റമുള്ള ദ്വീപുകളെ കുറിച്ച് പഠിക്കാന്‍ ചെല്ലുന്നത്. ഒരു സംഘമായിരുന്നു ഫ്യൂക്സിന്‍റേത്. അതില്‍ മാർട്ടിൻ ഷെഫ്‌ലിസ്, ബിൽ ഡേസണ്‍ എന്നീ രണ്ടുപേരെ ഫ്യൂക്സ് എന്‍വൈറ്റനേറ്റിലേക്കും അയച്ചു. പക്ഷെ, ആ രണ്ടുപേരും പിന്നെ തിരിച്ചു വന്നേയില്ല. അവരെക്കുറിച്ച് അന്വേഷിക്കാന്‍ കൂടെച്ചെല്ലാനായി ഫ്യൂക്സ് ഗോത്ര വര്‍ഗക്കാരെ വിളിച്ചു. പക്ഷെ ആരും കൂടെച്ചെന്നില്ല.

അതുവരെ ആ ദ്വീപില്‍ പോയവരാരും തിരികെ വന്നിട്ടില്ലെന്ന് ഗോത്രവിഭാഗക്കാര്‍ പറഞ്ഞു. ഒറ്റയടിക്ക് ആ ദ്വീപിലുള്ളവരെ മുഴുവന്‍ കാണാതായ സംഭവവും ഉണ്ടായിട്ടുണ്ട്. അതിനുശേഷം ആരും ആ ദ്വീപിലേക്ക് പോവാന്‍ തയ്യാറായിട്ടില്ല. മാർട്ടിൻ ഷെഫ്‌ലിസിന്‍റെയും, ബിൽ ഡേസണിന്‍റെയും കയ്യിലുള്ള ആധുനികരീതിയിലുള്ള ഉപകരണങ്ങള്‍ കണ്ടപ്പോള്‍ അവര്‍ക്കൊന്നും സംഭവിക്കില്ലെന്ന് അടുത്ത ദ്വീപുകാര്‍ കരുതിയത്രേ.

ഫ്യൂക്സ് ആ ദ്വീപിനെ കുറിച്ച് കൂടുതലറിയാന്‍ ശ്രമിച്ചു. നേരത്തെ അവിടെ ആളുകള്‍ താമസിച്ചിരുന്നു. കൃഷിയുമായിക്കഴിയുകയായിരുന്നു ജനങ്ങള്‍. അവിടുത്തെ സസ്യങ്ങള്‍ക്കെല്ലാം ഒരുതരം പച്ചനിറമായിരുന്നു. മനോഹരമായ പാറക്കൂട്ടങ്ങള്‍... അങ്ങനെ അങ്ങനെ... പക്ഷെ, കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ പുക പോലെയുള്ള ചില രൂപങ്ങള്‍ വീടുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇങ്ങനെയുള്ള പുകമനുഷ്യരെ തൊടുന്നവരാകട്ടെ ആ പുകയ്ക്കൊപ്പം അന്തരീക്ഷത്തില്‍ മറയാനും തുടങ്ങിയെന്നാണ് പറയുന്നത്. ദ്വീപിലുള്ള മനുഷ്യരുടെ ശവശരീരങ്ങളും പലയിടത്തും പ്രത്യക്ഷപ്പെടുന്നത്. അതോടെ ആ ദ്വീപ് 'ശാപം പിടിച്ച ദ്വീപെ'ന്ന് അറിയപ്പെട്ടു തുടങ്ങി. ആരും അങ്ങോട്ടു പോകാതെയുമായി.

എന്നാൽ ഫ്യൂക്സ് ഇതിനെ കഥകളെന്ന് പറഞ്ഞാണ് എഴുതിയിരിക്കുന്നത്. എന്നാല്‍, ശരിക്കും ഇതിനൊക്കെ പിന്നിലെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ശാസ്ത്രീയമായ എന്തെങ്കിലും ഒരു സത്യമുണ്ടായിരിക്കാം എന്ന് വിശ്വസിക്കുക മാത്രമാണ് ചെയ്യാനാവുക.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News