അമേരിക്കയ്ക്ക് മുന്നറിയിപ്പ്; പിന്നാലെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉ.കൊറിയ

യു.എസ്, ദക്ഷിണ കൊറിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്താനിരിക്കുന്ന ആണവാക്രമണത്തിന്റെ മുന്നോടിയായാണ് മിസൈൽ പരീക്ഷണങ്ങളെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Update: 2022-11-17 10:44 GMT
Editor : Shaheer | By : Web Desk
Advertising

പ്യോങ്‌യാങ്: അമേരിക്കയ്ക്കുള്ള മുന്നറിയിപ്പിനു പിന്നാലെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ. മേഖലയിൽ സാന്നിധ്യം ശക്തമാക്കാനുള്ള യു.എസ് നീക്കത്തിന് കടുത്ത സൈനിക പ്രത്യാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് സംഭവം. ജപ്പാനും കൊറിയൻ ഉപദ്വീപിനുമിടയിലുള്ള സമുദ്രത്തിലേക്കാണ് മിസൈൽ വിക്ഷേപിച്ചിത്.

ദക്ഷിണ കൊറിയൻ സംയുക്ത സൈനിക മേധാവി ജനറൽ കിം സിയോങ് ക്യൂം ആണ് വിവരം പുറത്തുവിട്ടത്. ഉത്തര കൊറിയയുടെ കിഴക്കൻ തീരനഗരമായ വോൻസനിൽനിന്നാണ് പ്രാദേശിക സമയം ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചത്. നടപടിയെ യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ സൈന്യങ്ങൾ അപലപിച്ചു.

ഒരാഴ്ചയുടെ ഇടവേളയ്ക്കുശേഷമാണ് ഉ.കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തുന്നത്. യു.എസ്, ദക്ഷിണ കൊറിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്താനിരിക്കുന്ന ആണവാക്രമണത്തിന്റെ മുന്നോടിയായാണ് മിസൈൽ പരീക്ഷണങ്ങളെന്നായിരുന്നു മുന്നറിയിപ്പ്. ഉ.കൊറിയയെ ലക്ഷ്യമിട്ട് അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും അടുത്തിടെ ഉച്ചകോടി നടത്തിയിരുന്നു. ഇത് കൊറിയൻ മേഖലയിൽ കൂടുതൽ അപ്രവചനീയമായ സംഘർഷത്തിലേക്കായിരിക്കും നയിക്കുകയെന്നാണ് ഉ.കൊറിയൻ വിദേശകാര്യ മന്ത്രി ചോ സോൻ ഹൂയ് പ്രതികരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച കംബോഡിയയിലായിരുന്നു ഉച്ചകോടി. ഉ.കൊറിയയുടെ മിസൈൽ പരീക്ഷണങ്ങളെ അപലപിച്ച നേതാക്കൾ, മേഖലയിൽ സൈനികശക്തി കൂട്ടാൻ ഒന്നിച്ചുപ്രവർത്തിക്കാൻ ധാരണയിലെത്തുകയും ചെയ്തിരുന്നു. എല്ലാവിധ സന്നാഹങ്ങളുമായി ദക്ഷിണ കൊറിയയെയും ജപ്പാനെയും സംരക്ഷിക്കുമെന്ന് ബൈഡൻ ഉച്ചകോടിക്കു പിന്നാലെ വ്യക്തമാക്കുകയും ചെയ്തു. ആണവായുധങ്ങൾ വരെ ഇതിനായി ഉപയോഗിക്കുമെന്നാണ് മുന്നറിയിപ്പ്.

Summary: North Korea fires ballistic missile after threatening 'fiercer' response to US, allies

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News