ജപ്പാനിലേക്ക് വീണ്ടും ഉത്തര കൊറിയയുടെ മിസൈൽ; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വിക്ഷേപണം

‌‌‌‌പ്രത്യേക സാമ്പത്തിക മേഖലയിലാണ് മിസൈൽ പതിച്ചതെന്ന് ജപ്പാൻ അറിയിച്ചു.

Update: 2022-11-18 12:50 GMT
Advertising

ജപ്പാനിലേക്ക് വീണ്ടും മിസൈൽ തൊടുത്ത് ഉത്തര കൊറിയ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് പ്രയോഗിച്ചതെന്ന് സംശയിക്കുന്നതായി സിയോൾ സൈന്യം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ രണ്ടാമത്തെ വിക്ഷേപണമാണിതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

‌‌പ്രത്യേക സാമ്പത്തിക മേഖലയിലാണ് മിസൈൽ പതിച്ചതെന്ന് ജപ്പാനും അറിയിച്ചു. 10.15ന് പ്യോങ്‌യാങ്ങിലെ സുനൻ പ്രദേശത്ത് നിന്ന് കിഴക്കൻ കടലിലേക്ക് തൊടുത്തുവിട്ട ദീർഘദൂര ബാലിസ്റ്റിക് മിസൈൽ കണ്ടെത്തിയതായി സിയോളിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.

മിസൈൽ വിക്ഷേപണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ കൗൺസിൽ വെള്ളിയാഴ്ച യോഗം ചേർന്നതായി പ്രസിഡൻഷ്യൽ ഓഫീസ് അറിയിച്ചു.

മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ച ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഹൊക്കൈദോയുടെ വടക്കൻ പ്രദേശത്തെ പ്രത്യേക സാമ്പത്തിക മേഖലയിലെ സമുദ്രത്തിലേക്കാണ് അത് പതിച്ചതെന്നും വ്യക്തമാക്കി. ഉത്തര കൊറിയയാണ് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇത് തികച്ചും അസ്വീകാര്യമാണെന്നും ബാങ്കോക്ക് ഉച്ചകോടിക്കിടെ അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കപ്പലുകൾക്കോ ​​വിമാനത്തിനോ കേടുപാടുകൾ സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഉത്തരകൊറിയയുടെ സമീപകാല മിസൈൽ പരീക്ഷണങ്ങൾ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ ആഴ്ച ആദ്യം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ചർച്ച ചെയ്യുകയും ടോക്കിയോ, സിയോൾ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

നേരത്തെയും ജപ്പാന് നേരെ ഉത്തരകൊറിയ മിസൈൽ തൊടുത്തിരുന്നു. ഒക്ടോബർ ആദ്യം നടത്തിയ മിസൈൽ വിക്ഷേപണം വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. വടക്കൻ ജപ്പാന് മുകളിലൂടെയായിരുന്നു മിസൈൽ പരീക്ഷണം. ഇതോടെ വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവച്ചിരുന്നു.

ആളുകളെ പാർപ്പിടങ്ങളിൽ നിന്ന് ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 2017ന് ശേഷം ആദ്യമായി ഒക്ടോബറിലാണ് ജപ്പാനിലേക്ക് ഉത്തര കൊറിയൻ മിസൈൽ പരീക്ഷണം ഉണ്ടാവുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News