ഇടവേളക്ക് ശേഷം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തരകൊറിയ: നീക്കം ട്രംപിന്റെ ഏഷ്യാപര്യടനം നടക്കാനിരിക്കെ

ബുധനാഴ്ച രാവിലെയാണ് മിസൈൽ വിക്ഷേപണം നടന്നതെന്നാണ് ദക്ഷിണകൊറിയന്‍ സൈന്യം അറിയിക്കുന്നത്

Update: 2025-10-22 10:19 GMT
Editor : rishad | By : Web Desk

ഡോണൾഡ് ട്രംപ്- കിം ജോങ് ഉൻ Photo-AP

സോള്‍: ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ദക്ഷിണകൊറിയ ഒരുങ്ങുന്നതിനിടെയാണ് ഉത്തരകൊറിയയുടെ നീക്കം.

ബുധനാഴ്ച രാവിലെയാണ് മിസൈൽ വിക്ഷേപണം നടന്നതെന്നാണ് ദക്ഷിണകൊറിയന്‍ സൈന്യം അറിയിക്കുന്നത്. ഇത്തരത്തിലുള്ള മിസൈല്‍ വിക്ഷേപങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കമുള്ള ലോക നേതാക്കൾ അപെക് ഉച്ചകോടിക്കായി ദക്ഷിണകൊറിയൻ നഗരമായ ഗ്യോങ്ജുവിൽ എത്താനിരിക്കെയാണ് നീക്കം. അടുത്തയാഴ്ചയാണ് ഉച്ചകോടി നടക്കാനിരിക്കുന്നത്.

Advertising
Advertising

പ്യോങ്യാങ്ങിന് തെക്കുനിന്നുള്ള പ്രദേശത്തുനിന്നാണ് ഉത്തരകൊറിയ ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യം പറയുന്നത്. മിസൈലുകൾ ഏകദേശം 350 കിലോമീറ്റർ (217 മൈൽ) പറന്ന് കരയിൽ പതിച്ചിരിക്കാമെന്നാണ് ദക്ഷിണ കൊറിയൻ സൈന്യം പറയുന്നത്. കടലിൽ പതിച്ചിരിക്കാമെന്നായിരുന്നു നേരത്തെ വിലയിരുത്തിയിരുന്നത്.എന്നാലിത് തെറ്റാണെന്നാണ് സൈന്യം പിന്നീട് വ്യക്തമാക്കിയത്.

അഞ്ച് മാസം മുമ്പാണ് ഉത്തരകൊറിയ അവസാനമായി ഹ്രസ്വദൂര ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചത്. എന്നാല്‍, മിസൈല്‍ പരീക്ഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് തയ്യാറായില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപെക് ഉച്ചകോടിക്ക് മുമ്പോ നടക്കുന്ന സമയത്തോ 'പ്രകോപനപരമായ മിസൈൽ പരീക്ഷണങ്ങൾ' ഇനിയും ഉത്തരകൊറിയ നടത്തിയേക്കാമെന്നാണ് വിദഗ്ധർ നല്‍കുന്ന മുന്നറിയിപ്പ്. ഒരു ആണവായുധ രാഷ്ട്രം എന്ന നിലയിലുള്ള നീക്കങ്ങളാണിതെന്നും അതില്‍ ആരും ഇടപെടേണ്ടെന്ന മുന്നറിയിപ്പാണ് ഉത്തരകൊറിയ നല്‍കുന്നതെന്നുമാണ് വിലയിരുത്തലുകള്‍. അതേസമയം ഉത്തരകൊറിയ ഇതുവരെ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News