കുരങ്ങുവസൂരിയുടെ പുതിയ പേര് ട്രംപ്-22; പരിഹാസ്യമായി ഒന്നുമില്ല, ജനം ആഗ്രഹിക്കുന്നതായി ലോകാരോഗ്യ സംഘടന

സാധാരണ ഡബ്ല്യു.എച്ച്.ഒയുടെ ഒരു സമിതിയാണ് രോഗങ്ങളുടെ പേരുകൾ തെരഞ്ഞെടുക്കുക. എന്നാൽ, ഇക്കുറി അതിനുള്ള അവസരം പൊതുജനങ്ങൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.

Update: 2022-08-17 16:04 GMT
Advertising

കുരങ്ങുവസൂരിയെ ട്രംപ്-22 എന്ന് പുനർനാമകരണം ചെയ്യാൻ പൊതുജനങ്ങൾ ആഗ്രഹിക്കുന്നതായും അതിൽ പരിഹാസ്യമായി ഒന്നുമില്ലെന്നും ലോകാരോഗ്യ സംഘടന. കുരങ്ങുവസൂരിക്ക് പുതിയ പേര് തേടി ലോകാരോഗ്യ സംഘടന ജനങ്ങളോട് അഭിപ്രായം തേടിയിരുന്നു. ഇതു പ്രകാരം ലഭിച്ച പേരുകളിൽ ഒന്നാണ് ട്രംപ്-22.

സാധാരണ ലോകാരോഗ്യ സംഘടനയുടെ ഒരു സമിതിയാണ് രോഗങ്ങളുടെ പേരുകൾ തെരഞ്ഞെടുക്കുക. എന്നാൽ, ഇക്കുറി അതിനുള്ള അവസരം ഡബ്ല്യു.എച്ച്.ഒ പൊതുജനങ്ങൾക്ക് വിട്ടുകൊടുക്കുകയായിരുന്നു. സ്വവർഗ ലൈംഗികതയിലൂടെ രോഗം പകരുന്നു എന്ന കാരണത്താൽ അതിനോട് അനുബന്ധമായ ചില പേരുകളും ചിലർ നി​ർദേശിച്ചിരുന്നു. എന്നാൽ, ലോകാരോ​ഗ്യ സം​ഘടന അവ വെബ്സൈറ്റിൽനിന്ന് നീക്കി.

അക്കാദമിക് വിദഗ്ധർ, ഡോക്ടർമാർ, മറ്റ് കമ്യൂണിറ്റി ആക്ടിവിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ളവരിൽ നിന്ന് ഇപ്പോൾ നിരവധി പേരുകളാണ് ലഭിക്കുന്നത്. കുരങ്ങുകൾ അല്ല യഥാർഥത്തിൽ കുരങ്ങുവസൂരിക്ക് കാരണമെന്നതിനാൽ ഇപ്പോഴത്തെ പേര് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിമർശനമുണ്ടായിരുന്നു. ഇതോടെയാണ് രോഗത്തിന് ഒരു പുതിയ പേരിടാൻ തീരുമാനിച്ചത്.

"കുരങ്ങുവസൂരിക്ക് ഒരു പുതിയ പേര് കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ഒരു വിഭാ​ഗത്തിനും ഒരു പ്രദേശത്തിനും ഒരു രാജ്യത്തിനും മൃഗത്തിനും കളങ്കം ഉണ്ടാക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാർ​ഗമാണിത്"- ലോകാരോഗ്യ സംഘടനയുടെ വക്താവ് ഫഡെല ചൈബ് പറഞ്ഞു. "ഡബ്ല്യു.എച്ച്.ഒ ഈ വിഷയത്തിൽ വളരെയധികം ആശങ്കാകുലരാണ്. കളങ്കപ്പെടുത്താത്ത ഒരു പേര് കണ്ടെത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു"- അവർ കൂട്ടിച്ചേർത്തു.

പുരുഷ ആരോഗ്യ സംഘടനയായ റെസോയുടെ ഡയറക്ടർ സാമുവൽ മിറിയല്ലോ സമർപ്പിച്ച 'എംപോക്സ്' എന്ന പേരാണ് ഇതുവരെയുള്ളതിൽ കൂടുതൽ അംഗീകരിക്ക​പ്പെട്ടത്. കാനഡയിലെ മോൺ‌ട്രിയലിൽ ഇതിനകം തന്നെ ഈ പേര് ഉപയോഗിക്കുന്നുമുണ്ട്.

മറ്റൊരു നിർദേശമായിരുന്നു 'ട്രംപ്-22' എന്നത്. കൊറോണ വൈറസിനെ "ചൈനീസ് വൈറസ്" എന്ന് മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഈ പേരെന്നും കരുതപ്പെടുന്നു. എന്നാൽ, അതിന്‍റെ മുഴുവൻ പേര് "Toxic Rash of Unrecognized Mysterious Provenance of 2022" എന്നാണെന്ന് പേര് നി​ർദേശിച്ചയാൾ പറയുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News