'ആണവ രാഷ്ട്രം, പതിറ്റാണ്ടുകളായി യാചിക്കുന്നു': വായ്പയെച്ചൊല്ലി പാകിസ്താനിൽ രോഷം

'ഒരുപക്ഷേ, ദൈനംദിന കാര്യങ്ങൾക്ക് വായ്പകളും സഹായത്തിനായി ഭിക്ഷാടനവും ആവശ്യമുള്ള ഒരേയൊരു ആണവ രാജ്യമാണ് പാകിസ്ഥാൻ, ഇത് പതിറ്റാണ്ടുകളായി തുടരുന്നു.' പാകിസ്താനിലെ പ്രമുഖ മാധ്യമം എഡിറ്റോറിയലിൽ പരാമർശിച്ചു

Update: 2022-02-25 08:43 GMT
Editor : afsal137 | By : Web Desk
Advertising

ഇന്റർ നാഷണൽ മോണിറ്ററി ഫണ്ടിൽ നിന്നും കടമെടുത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് പാകിസ്താൻ. വായ്പകൾ പെരുകുകയും പാകിസ്താന്റെ സാമ്പത്തിക സ്ഥിതി ദുർബലമാവുകയും ചെയ്തതോടെ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുളള സർക്കാർ വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടുകയാണ്. രാജ്യം ഭരിക്കാൻ വിദേശ ഫണ്ടുകളെ അമിതമായി ആശ്രയിക്കുന്നതും അഴിമതിയും കാരണം സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ഐ.എം.എഫ് വായ്പയുടെ ആറാം ഘട്ട അംഗീകാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവരം പാകിസ്ഥാൻ ധനമന്ത്രി ഷൗക്കത്ത് തരിൻ ട്വിറ്ററിലൂടെ അറിയിച്ചതിനു പിന്നാലെ രൂക്ഷമായ വിമർശനങ്ങളാണ് പാകിസ്താൻ ഭരണകൂടം നേരിട്ടത്. 'ഐഎംഎഫ് ബോർഡ് പാക്കിസ്ഥാനുവേണ്ടി ആറാം ഘട്ട വായ്പ അനുവദിച്ചു തന്നു എന്നറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,' തരിൻ ട്വീറ്റ് ചെയ്തു. രാജ്യത്തെ ജനങ്ങളെ അടിമകളാക്കി ധനമന്ത്രി ഐഎംഎഫിൽ നിന്ന് ഒരു പുതിയ ഗഡു ലഭിച്ച സന്തോഷം പ്രകടിപ്പിച്ചതിൽ ആശ്ചര്യമില്ല, ഖേദകരമാണ് എന്ന രീതിയിലുള്ള കമന്റുകളാണ് അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റിനു ലഭിച്ചത്.

'ഒരുപക്ഷേ, ദൈനംദിന കാര്യങ്ങൾക്ക് വായ്പകളും സഹായത്തിനായി ഭിക്ഷാടനവും ആവശ്യമുള്ള ഒരേയൊരു ആണവ രാജ്യമാണ് പാകിസ്ഥാൻ, ഇത് പതിറ്റാണ്ടുകളായി തുടരുന്നു.' പാകിസ്താനിലെ പ്രമുഖ മാധ്യമം എഡിറ്റോറിയലിൽ പരാമർശിച്ചു. ചില നിബന്ധനകൾക്ക് വഴങ്ങി ഐ.എം.എഫ് പാകിസ്താന് ഒരു ബില്യൺ യുഎസ് ഡോളർ അനുവദിച്ചിരുന്നു. പാകിസ്താന്റെ സാമ്പത്തിക ബാധ്യത വർധിക്കുകയും ഇന്ധനവില, വൈദ്യുതി നിരക്ക് എന്നിവ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതും വലിയ വിമർശനങ്ങൾക്ക് കാരണമായി. 'കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തിക വ്യവസ്ഥിതിയിൽ പരിഷ്‌കരണം നടക്കാത്തതും പാകിസ്താൻ ദുർബല രാജ്യമായി തുടരുന്നതിന് കാരണമാകുന്നു',എക്‌സിക്യൂട്ടീവ് ബോർഡിനായി തയ്യാറാക്കിയ സ്റ്റാഫ് റിപ്പോർട്ടിൽ ഐ.എം.എഫ് വ്യക്തമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News