യുക്രൈനിലെ റഷ്യൻ ആക്രമണത്തിന് ഇന്നേക്ക് ഒരു മാസം; യുദ്ധം ചർച്ചചെയ്യാൻ നാറ്റോ നേതാക്കളുടെ യോഗം ഇന്ന്

ഫെബ്രുവരി 24നായിരുന്നു യുക്രൈന് മേൽ റഷ്യൻ ആക്രമണം ശക്തമായി ആരംഭിച്ചത്

Update: 2022-03-24 01:01 GMT
Advertising

യുക്രൈനിലെ റഷ്യൻ ആക്രമണം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. യുക്രൈനിലെ തന്ത്രപ്രധാന നഗരങ്ങൾ ഇപ്പോഴും റഷ്യ വളഞ്ഞിരിക്കുകയാണ്. അതിനിടെ, യുദ്ധം ചർച്ചചെയ്യാൻ നാറ്റോ നേതാക്കൾ ഇന്ന് യോഗം ചേരും. ഇതിനിടെ രാജ്യത്ത് ആയിരത്തോളം പേർ കൊല്ലപ്പെട്ടുകഴിഞ്ഞു, ദശലക്ഷക്കണക്കിനാളുകൾ ഇപ്പോഴും യുക്രൈനിൽ നിന്ന് പലായനം ചെയ്യുകയാണ്. ഫെബ്രുവരി 24നായിരുന്നു യുക്രൈന് മേൽ റഷ്യൻ ആക്രമണം ശക്തമായി ആരംഭിച്ചത്.

 നിലവിൽ കേഴ്സൺ മാത്രമാണ് റഷ്യൻ സൈന്യത്തിന് പിടിക്കാനായത്. തലസ്ഥാനമായ കിയവ് പിടിക്കാനുള്ള റഷ്യൻ ശ്രമം വിഫലമായി തന്നെ തുടരുകയാണ്. തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ റഷ്യൻ ബോംബാക്രമണം ഇപ്പോഴുമുണ്ട്. ഏകദേശം 100,000 ആളുകൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. മരിയുപോളിൽ മാത്രം 2,300 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

121 കുട്ടികളാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്.14,000 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശപ്പെടുന്നുണ്ട്. അതിനിടെ നാറ്റോ, ജി 7, യൂറോപ്യൻ യൂണിയൻ ഉച്ചകോടികൾ ഇന്ന് ചേരുകയാണ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബ്രസൽസിലെത്തി. ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡിക്രൂ ബൈഡനെ സ്വാഗതം ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി ഫോണിൽ സംസാരിച്ചു. റഷ്യയുടെ അധിനിവേശത്തിൽ പ്രതിഷേധിച്ച് ലോകമെമ്പാടുമുള്ള പൗരന്മാരോട് തെരുവിലിറങ്ങാൻ യുക്രൈനിയൻ പ്രസിഡന്റ് വ്ളാദ്മിർ സെലെൻസ്‌കി ബുധനാഴ്ച അഭ്യർത്ഥിച്ചു.

യുക്രൈനായുള്ള 800 മില്ല്യൺ ഡോളറിന്റെ ആയുധസഹായം വേഗം എത്തിക്കുമെന്ന് യുഎസ് പ്രതിരോധ സേന വ്യക്തമാക്കി. കിഴക്കൻ യൂറോപ്പിൽ നാറ്റോ സേനാവിന്യാസം കൂട്ടുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. സ്ലൊവാക്യ, ഹംഗറി, ബൾഗേറിയ, റൊമാനിയ എന്നിവിടങ്ങളിലേക്ക് നാല് പുതിയ യുദ്ധ സംഘങ്ങളെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനിൽ റഷ്യൻ സൈന്യം യുദ്ധക്കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ സ്ഥിരീകരിച്ചു. ഇന്ന് ചേരുന്ന ഉച്ചകോടിയിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് സൂചന.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News