' ഭക്ഷണത്തെ ആയുധമാക്കുന്നു'; ഗസ്സയിൽ പോഷകാഹാരക്കുറവ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 65,000ത്തിലധികം കുഞ്ഞുങ്ങളെ

1.1 ദശലക്ഷം പേരാണ് പട്ടിണി കിടക്കുന്നതെന്നും ഇതിന് ഉത്തരവാദി ഇസ്രായേലാണെന്നും ഗസ്സ മീഡിയ ഓഫീസ്

Update: 2025-04-30 05:26 GMT
Editor : Lissy P | By : Web Desk

ഗസ്സ സിറ്റി: തുടർച്ചയായ വംശഹത്യയിലൂടെയും ഉപരോധത്തിലൂടെയും ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ ജീവിതം നരകതുല്യമാക്കുകയാണ് ഇസ്രായേല്‍.  കടുത്ത പട്ടിണിക്ക് പിന്നാലെ ഗസ്സയിലെ കുഞ്ഞുങ്ങള്‍ കടുത്ത പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുകയാണെന്ന് ഗസ്സ മീഡിയ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

പട്ടിണിയുടെ പിടിയില്‍ 1.1 ദശലക്ഷം പേര്‍

ഗസ്സയില്‍ ഭക്ഷണമില്ലാതെ 1.1 ദശലക്ഷം പേരാണ് ദിവസേനെ പട്ടിണി കിടക്കുന്നത്. ഇതില്‍ പോഷകാഹാരക്കുറവ് മൂലം  65,000 ത്തിലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മീഡിയ ഓഫീസ് വ്യക്തമാക്കി.

Advertising
Advertising

ഗസ്സയിൽ 1.1 ദശലക്ഷം പേരാണ് ദിവസേന പട്ടിണി കിടക്കുന്നത്.എന്നാൽ ഇത് ഗുരുതരമായ പോഷകാഹാരക്കുറവിലേക്ക് നയിക്കുകയാണ്.  ഇസ്രായേൽ സിവിലിയന്മാർക്കെതിരായ യുദ്ധആയുധങ്ങളായി പട്ടിണിയെ ഉപയോഗിക്കുകയാണെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും ഗസ്സ മീഡിയ ഓഫീസ് കുറ്റപ്പെടുത്തി.

അതിർത്തികൾ തുടർച്ചയായി അടച്ചിടുന്നത് മൂലം ഗസ്സയിലെ കുഞ്ഞുങ്ങളാണ് ദുരിതമനുഭവിക്കുന്നത്. യുദ്ധത്തിന് പുറമെ മാനുഷിക ദുരന്തത്തിന് കൂടിയാണ് ഗസ്സ സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഭക്ഷണം,മരുന്ന്,ശുദ്ധജലം എന്നിവയുടെ അഭാവം മൂലം ലക്ഷക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും ജീവൻ തന്നെ അപകടത്തിലായതും ഇതിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും മീഡിയ ഓഫീസ് കുറ്റപ്പെടുത്തി.മാനുഷിക സഹായം, പോഷകാഹാര സപ്ലിമെന്‍റുകള്‍, മരുന്നുകൾ എന്നിവ അടിയന്തിരമായി ലഭ്യമാക്കുന്നതിന് ഗസ്സയിലേക്കുള്ള എല്ലാ അതിർത്തികളും ഉടനടി തുറക്കണമെന്നും ആവശ്യപ്പെട്ടു. മാർച്ച് 2നായിരുന്നു വെള്ളം, ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങള്‍ എന്നിവയുൾപ്പെടെ എല്ലാ മാനുഷിക സഹായങ്ങളും നിഷേധിച്ച് ഗസ്സയുടെ അതിർത്തികള്‍ അടച്ചുപൂട്ടുന്നതായി ഇസ്രായേൽ പ്രഖ്യാപിച്ചത്.

'നിരാശയുടെ നാട്'

യുദ്ധത്തിന്റെ തുടക്കത്തിൽ ഏർപ്പെടുത്തിയ ഉപരോധത്തേക്കാൾ നാലിരിട്ടി കൂടുതലാണ് ഗസ്സയിലെ  ഇപ്പോഴത്തെ ഉപരോധമെന്ന് യുഎൻആർഡബ്ല്യുഎ പറഞ്ഞു. ഒന്നര വർഷം മുമ്പ് യുദ്ധം ആരംഭിച്ചപ്പോൾ രണ്ടാഴ്ചത്തെ ഉപരോധമായിരുന്നു ഉണ്ടായിരുന്നത്. എന്നാലിപ്പോൾ ഏകദേശം ഉപരോധം തുടങ്ങിയിട്ട് രണ്ടുമാസം പിന്നിടാറായെന്ന് യുഎൻആർഡബ്ല്യുഎയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജൂലിയറ്റ് ടൗമ  യുഎൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആശുപത്രികളിലും ക്ലിനിക്കുകളിലും അവശ്യവസ്തുക്കളുടെ കുറവ് കാരണം രോഗികൾക്കും വൈദ്യസഹായം ലഭിക്കുന്നില്ലെന്ന് ടൗമ പറഞ്ഞു.ഭ ക്ഷണവും ദുരിതാശ്വാസ സംവിധാനങ്ങളും ആയുധമാക്കപ്പെടുന്നതിനാൽ വിശപ്പും നിരാശയും പടരുന്നു. ഗസ്സ നിരാശയുടെ നാടായി മാറിയിരിക്കുന്നു,'' അവർ പറഞ്ഞു.

അതേസമയം, യുഎൻ ഏജൻസിയുടെ പക്കലുണ്ടായിരുന്ന ഭക്ഷ്യമാവ് തീർന്നുപോയതായും അവസാനത്തെ ഭക്ഷ്യപാക്കറ്റും വിതരണം ചെയ്‌തെന്നും യുഎൻആർഡബ്ല്യുഎ ഉദ്യോഗസ്ഥൻ പറഞ്ഞു.

മരണസംഖ്യ ഞെട്ടിപ്പിക്കുന്നത്

മാർച്ച് 18 ന് ഇസ്രായേൽ വെടിനിർത്തൽ പിൻവലിച്ചതിനുശേഷം രക്തരൂക്ഷിതവും തുടർച്ചയായതുമായ വ്യോമാക്രമണത്തിലൂടെ ഗസ്സ മുനമ്പിലുടനീളം ആയിരക്കണക്കിന് ഫലസ്തീകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.2023 ഒക്ടോബർ 7നാണ് ഇസ്രായേൽ സൈന്യം വംശഹത്യ ആരംഭിച്ചത്. ഇതിനോടകം 51,000 പേർ കൊല്ലപ്പെടുകയും 116,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 14,000 ത്തിലധികം പേർ ഇപ്പോഴും കാണാമറയത്താണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News