'കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ച': മലക്കംമറിഞ്ഞ് പാക് പ്രധാനമന്ത്രി

പാക് പ്രധാനമന്ത്രിയുടെ ഓഫീസാണ് വിശദീകരണ കുറിപ്പിറക്കിയത്

Update: 2023-01-17 10:36 GMT
Advertising

ഇസ്‍ലാമാബാദ്: ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്ന പ്രസ്താവന തിരുത്തി പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ചയുള്ളൂ. പാക് പ്രധാനമന്ത്രിയുടെ ഓഫീസാണ് വിശദീകരണ കുറിപ്പിറക്കിയത്. യു.എ.ഇ സന്ദർശന വേളയിൽ അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് പറഞ്ഞത്. 

പാക് പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞത്...

കശ്മീർ മാത്രമാണ് ഇരു രാജ്യങ്ങൾക്കും ഇടയിലെ പ്രശ്നമെന്നും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നുമാണ് അഭിമുഖത്തില്‍ പാക് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യയുമായി നിര്‍ണായകവും സത്യസന്ധവുമായ ചർച്ചയാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് തയ്യാറാകണമെന്നും ഷഹബാസ് ശരീഫ് ആവശ്യപ്പെട്ടു.

മൂന്ന് യുദ്ധങ്ങളിലൂടെ നഷ്ടവും ദുരിതവും അല്ലാതെ ഒന്നും നേടാനായില്ലെന്ന് പാകിസ്താൻ തിരിച്ചറിയുന്നു. യുദ്ധത്തിലൂടെ കുറെ പാഠങ്ങൾ പഠിച്ചു. അയല്‍വക്കവുമായി നല്ല ബന്ധമാണ് പാകിസ്താൻ ഇനി ആഗ്രഹിക്കുന്നത്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ മാത്രമാണ് ഉത്കണ്ഠയെന്നും അദ്ദേഹം പറയുകയുണ്ടായി.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് കൂടുതൽ ധനസഹായം ഉറപ്പാക്കുന്നതിനാണ് പാക് പ്രധാനമന്ത്രി യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചത്.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News