നൃത്തവും മോഡലിംഗും കരിയറാക്കിയതിന് 21കാരിയെ സഹോദരന്‍ വെടിവച്ചു കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം

പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള റെനല ഖുർദ് ഒകാര സ്വദേശിനിയായ സിദ്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്

Update: 2022-05-07 05:44 GMT
Editor : Jaisy Thomas | By : Web Desk

പാകിസ്താന്‍: പാകിസ്താനില്‍ നൃത്തവും മോഡലിംഗും കരിയറാക്കിയതിന് 21കാരിയെ സഹോദരന്‍ വെടിവച്ചു കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.

പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള റെനല ഖുർദ് ഒകാര സ്വദേശിനിയായ സിദ്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സിദ്ര ഒരു പ്രാദേശിക വസ്ത്ര ബ്രാൻഡിനായി മോഡലിംഗ് ചെയ്യുകയും ഫൈസലാബാദ് നഗരത്തിലെ തിയറ്ററുകളിൽ നൃത്തം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ കുടുംബം എതിര്‍ത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന്‍റെ പാരമ്പര്യത്തിനു വിരുദ്ധമാണെന്നും അതുകൊണ്ട് ഈ ജോലി ഉപേക്ഷിക്കണമെന്ന് മാതാപിതാക്കള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും സിദ്ര തന്‍റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

Advertising
Advertising

കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാൻ കഴിഞ്ഞയാഴ്ച ഫൈസലാബാദിൽ നിന്ന് വീട്ടിലെത്തിയതായിരുന്നു സിദ്ര. വ്യാഴാഴ്ച മാതാപിതാക്കളും സഹോദരന്‍ ഹംസയും ജോലിയുടെ പേരില്‍ വീണ്ടും സിദ്രയുമായി വഴക്കുണ്ടാക്കി. നൃത്തവും മോഡലിംഗും അവസാനിപ്പക്കണമെന്ന് പറഞ്ഞു ഹംസ സിദ്രയെ മര്‍ദിച്ചു. പിന്നീട് ഹംസ സഹോദരിക്കു നേരെ വെടിയുതിര്‍ത്തു. സംഭവസ്ഥലത്തു വച്ചു തന്നെ സിദ്ര മരിക്കുകയും ചെയ്തു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുറ്റം സമ്മതിച്ച ഹംസയെ അറസ്റ്റ് ചെയ്തതായ് പൊലീസ് പറഞ്ഞു. സിദ്രയുടെ നൃത്തം ഒരു ബന്ധു ഹംസക്ക് മൊബൈലില്‍ അയച്ചുകൊടുത്തെന്നും ഇത് അയാളെ പ്രകോപിതനാക്കിയെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ആ ദേഷ്യത്തിലാണ് താന്‍ സഹോദരിയെ വെടിവച്ചതെന്ന് ഹംസ പൊലീസിനോട് പറഞ്ഞു.

ഫെബ്രുവരിയിൽ ഫൈസലാബാദിൽ 19 കാരിയായ നർത്തകി ആയിഷയെ മുൻ ഭർത്താവ് വെടിവച്ചു കൊന്നിരുന്നു. ദുരഭിമാനക്കൊല കേസുകൾ പാകിസ്താനിൽ ഭയാനകമാംവിധം വര്‍ധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് വടക്കും പടിഞ്ഞാറും ഉള്ള ഗോത്രമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News