'ഖത്തർ ലോകകപ്പിലെ യഥാർത്ഥ ചാമ്പ്യന്മാർ ഫലസ്തീനാണ്'; യു.എൻ അസംബ്ലിയിൽ അംബാസിഡർ റിയാദ് മൻസൂർ

'ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഇസ്രായേലിന്റെ മിഥ്യാധാരണകൾക്ക് നിർണായക പ്രഹരമേൽപ്പിച്ചിരിക്കുകയാണ്, ഇസ്രായേൽ അധിനിവേശത്തിന് ഒന്നും ലഘൂകരിക്കാൻ കഴിയില്ല. ജനങ്ങളുടെ ഹൃദയത്തിൽ നിന്ന്‌ ഫലസ്തീനിനെ പിഴുതെറിയാൻ ഒന്നിനും കഴിയില്ല' യു.എന്നിൽ റിയാദ് മൻസൂർ

Update: 2022-12-04 07:54 GMT
Advertising

ദോഹ:ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലെ യഥാർത്ഥ ചാമ്പ്യന്മാർ ഫലസ്തീനാണെന്ന് യു.എൻ അസംബ്ലിയിൽ രാജ്യത്തിന്റെ അംബാസിഡർ റിയാദ് മൻസൂർ. ഖത്തർ ലോകകപ്പിനെത്തിയ അറബ് ലോകത്തെ ജനങ്ങളും പുറത്തുള്ളവരും ഫലസ്തീൻ പതാകകളുമായി രാജ്യത്തിന് പിന്തുണ അർപ്പിക്കുകയാണെന്നും ഈ മാനസിക ഐക്യദാർഢ്യം അറബ് രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇസ്രായേലിന് വൻ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. മൊറോക്കോ, യു.എ.ഇ, ബഹ്‌റൈൻ എന്നീ അറബ് രാജ്യങ്ങളുമായി 2020, 2021 കാലയളവിൽ ഇസ്രായേലുണ്ടാക്കിയ കരാറുകളെ അപലപിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഇസ്രായേലിന്റെ മിഥ്യാധാരണകൾക്ക് നിർണായക പ്രഹരമേൽപ്പിച്ചിരിക്കുകയാണ്, ഇസ്രായേൽ അധിനിവേശത്തിന് ഒന്നും ലഘൂകരിക്കാൻ കഴിയില്ല. ജനങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും ഫലസ്തീനിനെ പിഴുതെറിയാൻ ഒന്നിനും കഴിയില്ല' റിയാദ് മൻസൂർ യു.എന്നിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസംഗം സ്റ്റേറ്റ് ഓഫ് പലസ്തീന്റെ ട്വിറ്റർ അക്കൗണ്ട് പങ്കുവെച്ചിട്ടുണ്ട്.

ഖത്തർ ലോകകപ്പ് ഗാലറികളിലുടനീളം ഫലസ്തീൻ പതാകകൾ കാണുന്നുണ്ട്. ഫലസ്തീനികളുടെ പ്രതിരോധത്തിന്റെ പ്രതീകമായ 'കഫിയ്യ' ഷാളുകളും പലരും അണിയുകയാണ്. ബെൽജിയത്തിനെതിരെ 2-0ത്തിന് ആഫ്രിക്കൻ അറബ് രാജ്യമായ മൊറോക്കോ വിജയിച്ച മത്സരത്തിന്റെ 48ാം മിനുട്ടിൽ 'ഫ്രീ ഫലസ്തീൻ' പതാക പ്രദർശിപ്പിച്ചിരുന്നു. 1948ലെ നക്ബയെ - ഫലസ്തീൻ സിംഹഭാഗവും കൈവശപ്പെടുത്തി ഇസ്രായേൽ രൂപവത്കരണം നടത്തിയ സംഭവം- ഓർമിപ്പിക്കാനാണ് ഈ സമയം തിരഞ്ഞെടുത്തത്.

മറ്റൊരു മത്സരത്തിൽ തുണീഷ്യൻ കാണികളും ഫലസ്തീൻ പതാകയുമായെത്തി. മത്സരങ്ങൾക്കിടയിലും ശേഷവും ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കപ്പെട്ടു. ഇസ്രായേലുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള മൊറോക്കോയുടെ നീക്കത്തിനെതിരെ രാജ്യത്ത് നിന്നെത്തിയ കാണികൾ പ്രതികരിക്കുന്നതിനും ഖത്തർ സാക്ഷ്യം വഹിച്ചു. 'പ്രിയ ഫലസ്തീന്, സുന്ദര നാടിന്' എന്ന് വിളിച്ചുപറഞ്ഞായിരുന്നു ഐക്യദാർഢ്യ പ്രകടനം.

അതേസമയം, ലോകകപ്പ് റിപ്പോർട്ടിംഗിനെത്തിയ ഇസ്രായേലി മാധ്യമപ്രവർത്തകരുമായി സംസാരിക്കാൻ അറബ് ഫുട്‌ബോൾ ആരാധകരും ഇതര നാട്ടുകാരും പലവട്ടം വിമുഖത കാണിച്ചിരുന്നു. ഇത്തരം സംഭവങ്ങളുടെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു വീഡിയോയിൽ കാൻ 11ലെ മാധ്യമപ്രവർത്തകനായ മോവ് വർധിയോട് ഒരു സൗദി ആരാധകൻ ഇങ്ങനെയാണ് പറഞ്ഞത്: 'ഇസ്രായേൽ എന്നൊന്നില്ല, ഫലസ്തീൻ മാത്രമാണുള്ളത്'.

ഫലസ്തീൻ ഇനി അറബികളുടെ പ്രധാന വിഷയമായിരിക്കില്ലെന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് ലോകകപ്പ് വേദിയിൽ രാജ്യത്തിന് ലഭിക്കുന്ന പിന്തുണ. ഫലസ്തീനികളെ അടിച്ചമർത്തുന്നത് തുടരുമ്പോൾ തന്നെ അറബ് രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയുന്ന ഇസ്രായേൽ രാഷ്ട്രീയക്കാരുടെ ആശയങ്ങൾ തള്ളപ്പെടുകയും ചെയ്യുന്നു. ഖത്തർ ലോകകപ്പിലൂടെ ഫലസ്തീനികളുടെ ദുരവസ്ഥ ഇല്ലാതാക്കാനുള്ള പാൻ അറബ് ഐക്യം പ്രകടമായിരിക്കുകയാണ്. അറ്റ്‌ലാൻറിക് മുതൽ ഗൾഫ് വരെയുള്ള ജനങ്ങൾ ഈ അവഗണിക്കപ്പെട്ട ജനതക്കായി ഒത്തൊരുമിച്ചിരിക്കുകയാണ്.

ഇരട്ടത്താപ്പിനും നീതി രാഹിത്യത്തിനുമെതിരെ വിജയിച്ചാൽ മാത്രമാണ് ഫലസ്തീനിൽ നീതി നടപ്പാകൂവെന്നും അധിനിവേശ വെസ്റ്റ്ബാങ്കിൽ നിന്നുള്ള അഭയാർത്ഥി കൂടിയായ റിയാദ് മൻസൂർ യുഎൻ അസംബ്ലിയിൽ പറഞ്ഞു. അടിച്ചമർത്തലിനും വിവേചനത്തിനുമെതിരെ സ്വാതന്ത്ര്യം നേടലും സമാധാനപരമായ ഒത്തുതീർപ്പും സഹവർത്തിത്വവുമുണ്ടായാലാണ് ഫലസ്തീനിൽ നീതി പുലരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Riyad Mansour, Ambassador to the UN Assembly, said that Palestine is the real champion of the FIFA World Cup in Qatar.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News