സ്വദേശത്തും വിദേശത്തും പുറത്താക്കൽ; അർജന്റീനയിൽ ഫലസ്തീൻ കുടുംബം നേരിട്ടത് കടുത്ത വിവേചനം

ടൂറിസ്റ്റ് വിസ, പൊലീസ് ക്ലിയറൻസ്, ഹോട്ടൽ ബുക്കിംഗ്, റിട്ടേൺ ടിക്കറ്റുൾപ്പെടെ ആവശ്യമായ എല്ലാ രേഖകളുണ്ടായിട്ടും 24 മണിക്കൂറിലധികം തടവിൽ വെച്ച ശേഷം 'വ്യാജ ടൂറിസ്റ്റുകൾ' എന്ന് മുദ്രകുത്തി കുടുംബത്തെ നാടുകടത്തി

Update: 2025-07-20 10:16 GMT

ബ്യൂണസ് ഐറിസ്: അഞ്ച് പേരുള്ള ഫലസ്തീൻ ക്രിസ്ത്യൻ കുടുംബം വിനോദയാത്രക്കായി അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ എസെയ്സ ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. ടൂറിസ്റ്റ് വിസ, ഔപചാരിക ക്ഷണപത്രം, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, ആരോഗ്യ ഇൻഷുറൻസ്, ഹോട്ടൽ ബുക്കിംഗ്, ജൂൺ 25-ന് തിരിച്ചു വരാനുള്ള റിട്ടേൺ ടിക്കറ്റുൾപ്പെടെ ആവശ്യമായ എല്ലാ രേഖകളുണ്ടായിരിന്നിട്ടും അർജന്റീനയിലെ പുതിയ കുടിയേറ്റ നയങ്ങളുടെ ഭാഗമായി 24 മണിക്കൂറിലധികം തടവിൽ വെച്ച ശേഷം 'വ്യാജ ടൂറിസ്റ്റുകൾ' എന്ന് മുദ്രകുത്തി  കുടുംബത്തെ നാടുകടത്തിയാതായി സിഎൻഎൻ ചിലി, ടിആർടി വേൾഡ് റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

അബു ഫർഹ കുടുംബം അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നിന്ന് ജോർദാനിലേക്കും, പിന്നീട് ഇസ്താംബുൾ, സാവോ പോളോ വഴി അർജന്റീനയിലേക്ക് എത്തിയതായിരുന്നു. വിസ ലഭിക്കുന്നതിനായി തെൽ അവിവിലെ അർജന്റീന എംബസിയിൽ നിന്ന് അവർ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, പൊലീസ് ക്ലിയറൻസ്, യാത്രാ പദ്ധതികൾ എന്നിവ സമർപ്പിച്ചതിന് ശേഷമാണ് യാത്രക്ക് പുറപ്പെട്ടത്. എന്നാൽ അർജന്റീന വിമാനത്താവളത്തിൽ എത്തിയ കുടുംബത്തിന് സ്പാനിഷിലുള്ള രേഖകൾ ഒപ്പിടാനായി നൽകി. അത് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള അനുമതി പത്രമാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ 16 മണിക്കൂറിന് ശേഷം ഫലസ്തീൻ അംബാസഡർ എത്തിയപ്പോൾ അതൊരു നാടുകടത്തൽ ഉത്തരവായിരുന്നു എന്ന് ബോധ്യപ്പെട്ടു.

24 മണിക്കൂറിലധികം തടവിൽ വെച്ച കുടുംബത്തിന് ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവ നിഷേധിക്കപ്പെട്ടു. കുടുംബം ഒപ്പിട്ട രേഖകൾ മനസ്സിലാക്കാൻ പോലും അവസരം നൽകാതെ 'വ്യാജ ടൂറിസ്റ്റുകൾ' എന്ന മുദ്രകുത്തലോടെ അവരെ നാടുകടത്തി. അർജന്റീനയിലെ അഭിഭാഷകൻ ഉറിയേൽ ബിയോണ്ടി നാടുകടത്തൽ തടയാൻ ഒരു ഹേബിയസ് കോർപ്പസ് റിട്ട് സമർപ്പിച്ചെങ്കിലും ലോമസ് ഡി സമോറയിലെ ഫെഡറൽ ക്രിമിനൽ ആൻഡ് കറക്ഷണൽ കോടതി അത് തള്ളി. അർജന്റീന പ്രസിഡന്റ് ജാവിയർ മിലേയുടെ ഭരണകൂടം കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവ് ഈയിടെയാണ് പുറപ്പെടുവിച്ചത്. ഇത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളോട് സാമ്യമുള്ളതാണ്. ഈ ഉത്തരവ്, പ്രകാരം അതിർത്തി ഉദ്യോഗസ്ഥർക്ക് വിദേശികളെ നാടുകടത്താനുള്ള അധികാരം നൽകുന്നു.

അർജന്റീനയിലെ ഈ നാടുകടത്തൽ ആഗോളതലത്തിൽ ഫലസ്തീനികൾ നേരിടുന്ന വിവേചനത്തിന്റെ ഒരു പ്രതിഫലനമാണ്. 'ഞങ്ങൾ ഒരു മനുഷ്യാവകാശ ലംഘനമാണ് അനുഭവിച്ചത്.' വിവേചനം നേരിട്ട കുടുംബത്തിലെ അംഗം പറഞ്ഞതായി ടിആർടി. വേൾഡ് റിപ്പോർട്ട് ചെയ്യുന്നു. അബു ഫർഹയുടെ കുടുംബത്തിന്റെ ദുരനുഭവം അർജന്റീനയുടെ പുതിയ കുടിയേറ്റ നയങ്ങളുടെ കർശനതയും ആഗോളതലത്തിൽ ഫലസ്തീനികൾ നേരിടുന്ന വിവേചനവും വെളിവാക്കുന്നു. ഈ സംഭവം മനുഷ്യാവകാശങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News