ഇസ്രായേലിന്റെ മിഡിൽ ഈസ്റ്റ് നയത്തെ വിമർശിച്ച മുതിർന്ന ഉദ്യോഗസ്ഥനെ പുറത്താക്കി പെന്റഗൺ
ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ജെ5 സ്ട്രാറ്റജിക് പ്ലാനിങ് ഡയറക്ടറേറ്റിൽ ലെവന്റ്, ഈജിപ്ത് ബ്രാഞ്ച് മേധാവിയായി സേവനമനുഷ്ഠിച്ചിരുന്ന കേണൽ നതാൻ മക്കോർമാകിനെയാണ് പുറത്താക്കിയത്.
ന്യൂയോർക്ക്: ഇസ്രായേലിന്റെയും അമേരിക്കയുടെയും മിഡിൽ ഈസ്റ്റ് നയങ്ങളെ വിമർശിച്ച മുതിർന്ന ഉദ്യോഗസ്ഥനെ പെന്റഗൺ പുറത്താക്കി. ഇരുരാജ്യങ്ങളുടെയും നയങ്ങളെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ജെ5 സ്ട്രാറ്റജിക് പ്ലാനിങ് ഡയറക്ടറേറ്റിൽ ലെവന്റ്, ഈജിപ്ത് ബ്രാഞ്ച് മേധാവിയായി സേവനമനുഷ്ഠിച്ചിരുന്ന കേണൽ നതാൻ മക്കോർമാകിനെയാണ് പുറത്താക്കിയത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇസ്രായേൽ നമ്മുടെ ഏറ്റവും മോശപ്പെട്ട സഖ്യകക്ഷിയാണ് എന്നാണ് അജ്ഞാത എക്‌സ് എക്കൗണ്ടിൽ നിന്നുള്ള ഒരു ട്വീറ്റ്. ഇതിന് പിന്നിൽ മക്കോർമാക് ആണെന്ന് ജ്യൂയിഷ് ന്യൂസ് സിൻഡിക്കേറ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഈ കാലയളവിൽ മക്കോർമാക് ജോയിന്റ് സ്റ്റാഫിൽ ഉണ്ടാവില്ല. പോസ്റ്റിന്റെ ഉള്ളടക്കവും അതിന്റെ പ്രത്യാഘാതങ്ങളും പരിശോധിക്കാൻ പ്രതിരോധവകുപ്പ് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുന്നുണ്ടെന്നും പെന്റഗൺ വക്താവ് വ്യക്തമാക്കി.
നെതന്യാഹുവിനെതിരെ വിമർശനം ഉന്നയിച്ച മക്കോർമാക് തദ്ദേശീയരായ ഫലസ്തീനികളെ സ്വന്തം മണ്ണിൽ നിന്ന് തുടച്ചുനീക്കി രാജ്യവിസ്തൃതി വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു. അതേസമയം മക്കോർമാകിന്റെ വിമർശനങ്ങൾ യുഎസ് പ്രതിരോധ വകുപ്പിന്റെയോ ജോയിന്റ് സ്റ്റാഫിന്റെയോ നിലടല്ലെന്ന് പെന്റഗൺ വ്യക്തമാക്കി.