മരുന്നുകൾക്ക് വില കുറയ്ക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനിടെ കുഴഞ്ഞ് വീണ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രതിനിധി

കുഴഞ്ഞുവീണതിന് പിന്നാലെ മാധ്യമങ്ങളെ മുറിയിൽ നിന്ന് പുറത്താക്കുകയും പരിപാടി ഒരു മണിക്കൂറോളം നിർത്തിവെക്കുകയും ചെയ്തിരുന്നു

Update: 2025-11-07 06:32 GMT
Editor : rishad | By : Web Desk

മരുന്നുകൾക്ക് വില കുറയ്ക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനിടെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രതിനിധി കുഴഞ്ഞ് വീണപ്പോള്‍ Photo-AP

വാഷിങ്ടണ്‍: അമിതവണ്ണത്തിനുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതിനെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനത്തിനിടെ കുഴഞ്ഞ് വീണ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രതിനിധി. മരുന്ന് നിര്‍മാതാക്കളായ നോവോ നോർഡിസ്കിന്റെ പ്രതിനിധിയായ ഗോർഡൻ എന്നയാളാണ് കുഴഞ്ഞു വീണത്. 

നോവോ നോർഡിസ്കിന്റെ പ്രതിനിധിയെ കൂടാതെ എലി ലില്ലി എന്ന കമ്പനിയുടെ പ്രതിനിധിയേയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. കമ്പനികളുമായി കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് സംഭവം. ട്രംപ് ഇരുന്നിരുന്ന റെസല്യൂട്ട് ഡെസ്‌കിന് പിന്നിൽ ട്രംപിന്റെ ഉദ്യോഗസ്ഥരോടും ആരോഗ്യ സംരക്ഷണ എക്സിക്യൂട്ടീവുകളോടുമൊപ്പമാണ് ഗോർഡൻ നിന്നിരുന്നത് .

Advertising
Advertising

പരിപാടി തുടങ്ങി, 30 മിനിറ്റോളം അതിഥികൾ പ്രസിഡന്റിനും മറ്റുള്ളവർക്കും വേണ്ടി എഴുന്നേറ്റ് നിൽക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീഴുന്നത്. ഉടന്‍ തന്നെ ട്രംപിന്റെ മെഡികെയ്ഡ് സർവീസസ് അഡ്മിനിസ്ട്രേറ്ററായ മെഹ്മത് ഓസ് പരിശോധിച്ചു. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഓസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ മാധ്യമങ്ങളെ മുറിയിൽ നിന്ന് പുറത്താക്കുകയും പരിപാടി ഒരു മണിക്കൂറോളം നിർത്തിവെക്കുകയും ചെയ്തിരുന്നു. 

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സംഭവത്തെക്കുറിച്ച് പിന്നീട് വ്യക്തമാക്കുകയും ചെയ്തു. 'ഓവൽ ഓഫീസ് പ്രഖ്യാപനത്തിനിടെ, ഒരു കമ്പനിയിലെ പ്രതിനിധി കുഴഞ്ഞുവീണു. വൈറ്റ് ഹൗസ് മെഡിക്കൽ യൂണിറ്റ് പെട്ടെന്ന് തന്നെ ഇടപെട്ടു. അയാളിപ്പോള്‍ സുഖമായിട്ടിരിക്കുന്നു''-  കരോലിൻ ലീവിറ്റ് പറഞ്ഞു. അതേസമയം അദ്ദേഹത്തിന് തലകറക്കമുണ്ടായതാണെന്നും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും പിന്നീട് ഡൊണാൾഡ് ട്രംപും പ്രതികരിച്ചു. 

ശരീരഭാരം കുറയ്ക്കുന്ന മരുന്നുകളുടെ വില കുറയ്ക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ ഭീമന്മാരായ എലി ലില്ലി, നോവോ നോർഡിസ്ക് എന്നിവരുമായി കരാറിലെത്തിയതായും ഇരുവരും വില കുറയ്ക്കാന്‍ സമ്മതിച്ചതായും ട്രംപ് വ്യക്തമാക്കി. 

Watch Video

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News