ആയുധം ഉപേക്ഷിച്ച് പികെകെ; തുർക്കിയിൽ 40 വർഷത്തെ സായുധ പോരാട്ടത്തിന് വിരാമം

1984 മുതൽ തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിൽ കുർദിഷ് സ്വയംഭരണത്തിനായി സായുധ പോരാട്ടം നടത്തിവരികയാണ് പികെകെ

Update: 2025-07-13 06:17 GMT

ഇറാഖ്: 1984 മുതൽ ആരംഭിച്ച തുർക്കിയുമായുള്ള നാലു പതിറ്റാണ്ട് നീണ്ട സായുധ സമരത്തിന് വിരാമമിട്ട് കുർദിഷ് വർക്കേഴ്‌സ് പാർട്ടി (പികെകെ) . 2025 ജൂലൈ 11-ന് ഇറാഖിലെ സുലൈമാനിയയിൽ നടന്ന ഒരു ചടങ്ങിൽ പികെകെ അംഗങ്ങൾ തങ്ങളുടെ ആയുധങ്ങൾ അഗ്നിക്കിരയാക്കി. തുർക്കി പ്രസിഡന്റ് റജബ് ത്വയിബ്ബ്‌ ഉർദുഗാൻ ഈ നടപടിയെ 'തുർക്കിയുടെ ചരിത്രത്തിലെ പുതിയൊരു അധ്യായം' എന്ന് വിശേഷിപ്പിച്ചു. 1984 മുതൽ തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിൽ കുർദിഷ് സ്വയംഭരണത്തിനായി സായുധ പോരാട്ടം നടത്തിവരികയാണ് പികെകെ. തുർക്കി, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ പികെകെയെ ഭീകരസംഘടനയായി വർഗീകരിച്ചിട്ടുണ്ട്.

Advertising
Advertising

2025 മെയ് മാസത്തിൽ പികെകെ അവരുടെ സായുധ വിഭാഗം പിരിച്ചുവിടാനും ആയുധങ്ങൾ ഉപേക്ഷിക്കാനും തീരുമാനിച്ചു. 1999 മുതൽ ഇസ്താംബൂളിനടുത്തുള്ള ഇംറാലി ദ്വീപിൽ തടവിലുള്ള പികെകെ നേതാവ് അബ്ദുള്ള ഒകലാൻ ഫെബ്രുവരിയിൽ തന്റെ സംഘടനയോട് സമാധാനപരമായ രാഷ്ട്രീയ മാർഗങ്ങൾ സ്വീകരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്നാണ് ഈ തീരുമാനം. സായുധ സമരത്തിന്റെ ഘട്ടത്തിൽ നിന്ന് ജനാധിപത്യ രാഷ്ട്രീയത്തിന്റെയും നിയമത്തിന്റെയും ഘട്ടത്തിലേക്കുള്ള സ്വമേധയ ഉള്ള മാറ്റം എന്നാണ് ഒകലാൻ ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

ജൂലൈ 11-ന് ഇറാഖിലെ സുലൈമാനിയയിലെ ജസ്നാ ഗുഹക്ക് സമീപം നടന്ന ചടങ്ങിൽ 30 പികെകെ പോരാളികൾ എകെ 47, പികെഎം മെഷീൻ ഗണ്ണുകൾ, സ്നൈപ്പർ റൈഫിളുകൾ എന്നിവ ഉൾപ്പെടെ തങ്ങളുടെ ആയുധങ്ങൾ തീയിലിട്ട് നശിപ്പിച്ചു. തുടർന്ന് കുർദിഷ് അവകാശങ്ങൾക്കായി ജനാധിപത്യപരവും നിയമപരവുമായ മാർഗങ്ങളിലൂടെ പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. തുർക്കി പ്രസിഡന്റ് ഉർദുഗാൻ ഈ നീക്കത്തെ സ്വാഗതം ചെയ്തു. 'തീവ്രവാദത്തിന്റെ ശാപം അവസാനിക്കുന്നതിന്റെ തുടക്കം' എന്നാണ് അങ്കാറയിൽ നടന്ന എകെ പാർട്ടി യോഗത്തിൽ ഉർദുഗാൻ പ്രസ്താവിച്ചത്. ഈ പ്രക്രിയക്ക് നിയമപരമായ ചട്ടക്കൂട് ഒരുക്കുന്നതിൽ പാർലമെന്റ് നിർണായക പങ്ക് വഹിക്കുമെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.

നാഷണലിസ്റ്റ് മൂവ്മെന്റ് പാർട്ടി (എംഎച്ച്പി) നേതാവ് ദേവ്‌ലെത് ബഹ്‌സെലിയും ഈ നീക്കത്തെ പിന്തുണച്ചു. 2024-ൽ ആരംഭിച്ച 'ടെറർ-ഫ്രീ തുർക്കി' പദ്ധതിയുടെ ഭാഗമായാണ് ഈ പ്രക്രിയയെന്നും അദേഹം വിശേഷിപ്പിച്ചു. ഈ ആയുധ വെടിയൽ പ്രക്രിയ വേനൽക്കാലം മുഴുവൻ നീണ്ടുനിൽക്കുമെന്നും സെപ്റ്റംബർ മാസത്തോടെ പൂർണമായും പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു. മുൻ പോരാളികൾക്ക് നിയമപരവും സാമൂഹിക-മനഃശാസ്ത്രപരവുമായ പുനരധിവാസം ഉറപ്പാക്കുന്നതിനുള്ള ഒരു ബഹുഘട്ട സമാധാന സംരംഭത്തിന്റെ ഭാഗമാണ് ഈ നടപടികൾ. നാലു പതിറ്റാണ്ട് നീണ്ട സംഘർഷത്തിന് ശേഷം പികെകെയുടെ ആയുധം വെടിയൽ തുർക്കിയിലും പ്രദേശത്തും സമാധാനത്തിനും സ്ഥിരതക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഈ നടപടികളുടെ വിജയം തുർക്കി സർക്കാരിന്റെ തുടർനടപടികളെയും, കുർദിഷ് പ്രശ്നത്തിന് സുസ്ഥിരമായ പരിഹാരം കാണാനുള്ള ഇരു കൂട്ടരുടെയും പ്രതിബദ്ധതയെയും ആശ്രയിച്ചിരിക്കും. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News