അമേരിക്കയിൽ വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം : എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 27 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
ബുധനാഴ്ച യുഎസ് സമയം രാത്രി 9.30 ഓടെയാണ് സംഭവം
വാഷിങ്ടൻ: അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണിൽ യാത്രാവിമാനവും സൈനിക ഹെലികോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടതായി വിചിത മേയർ ലില്ലി വു സ്ഥിരീകരിച്ചു. അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനമറിയിക്കുകയും ചെയ്തു.
ബുധനാഴ്ച യുഎസ് സമയം രാത്രി 9.30 ഓടെയാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ യാത്രവിമാനവും അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററും കൂട്ടിയിടിച്ചത്. വിമാനത്തിൽ 64 പേരും ഹെലികോപ്റ്ററിൽ 3 സൈനികരുമാണ് ഉണ്ടായിരുന്നത്. നിലവിൽ 27 പേരുടെ മൃതദേഹങ്ങൾ നദിയിൽ നിന്ന് കണ്ടെത്തി. റീഗൻസ് നാഷണൽ എയർപോർട്ടിന് സമീപത്താണ് അപകടം നടന്നത്.
കൻസാസിലെ വിച്ചിറ്റയിൽ നിന്നും പുറപ്പെട്ട ചെറുവിമാനം ലാൻഡ്ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഉഗ്രസ്ഫോടനത്തോടെ വിമാനം സമീപത്തെ പോട്ടോമാക്ക് നദിയിലേക്ക് പതിക്കുകയായിരുന്നു. 2009 ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇതെന്നാണ് സൂചന. അപകടത്തിന്റെ കാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.