തീരുവ തര്‍ക്കം; ട്രംപ് അയയുന്നു, ഇന്ത്യയുമായി ചർച്ചകൾ തുടരും
ഇന്ത്യ- യുഎസ് വ്യാപാരബന്ധത്തിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി സംസാരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി
വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള തീരുവ തർക്കത്തിൽ യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് അയയുന്നു.വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ് പറഞ്ഞു.
സുഹൃത്തായ നരേന്ദ്ര മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കുമെന്നും രണ്ട് രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് നല്ല പരിസമാപ്തിയിലെത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ- യുഎസ് വ്യാപാരബന്ധത്തിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി സംസാരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര
മോദിയും വ്യക്തമാക്കി. ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാനാണ് ശ്രമമെന്നും പ്രധാനമന്ത്രി അറിയിച്ചു. "ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതിന് ഞങ്ങളുടെ വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചർച്ചകൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങളുടെ ടീമുകൾ പ്രവർത്തിക്കുന്നു. പ്രസിഡന്‍റ് ട്രംപുമായി സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രണ്ട് ജനതയ്ക്കും കൂടുതൽ തിളക്കമാർന്നതും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും," പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. രാജേഷ് അഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഒരു ഇന്ത്യൻ സംഘം അടുത്ത ആഴ്ച വാഷിംഗ്ടണിലേക്ക് പോകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് കൂടുതൽ അടുപ്പം അമേരിക്കയോടാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് പറഞ്ഞു.ട്രംപിനെതിരെ പരോക്ഷ വിമർശനവുമായി മോദി ഇന്ന് രംഗത്തുവന്നിരുന്നു. ചിലരുടെ സാമ്പത്തിക സ്വാർത്ഥതയാണ് വെല്ലുവിളികൾക്ക് കാരണമെന്നും വെല്ലുവിളികളെ ഇന്ത്യ അതിജീവിക്കുമെന്നും മോദി പറഞ്ഞു. നികുതികൾ കുറയ്ക്കാം എന്ന് ഇന്ത്യ സമ്മതിച്ചെന്ന ട്രംപിന്‍റെ അവകാശവാദം തെറ്റെന്നാണെന്നും ഇന്ത്യ അറിയിച്ചു.