'സെലെൻസ്‌കിയുമായുള്ള നിങ്ങളുടെ തർക്കം ഭീതിയുണ്ടാക്കുന്നു'; ട്രംപിന് കത്തെഴുതി മുൻ പോളിഷ് പ്രസിഡന്റ്
'സ്വതന്ത്ര ലോകത്തിൻ്റെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി രക്തം ചിന്തുന്ന വീരരായ യുക്രൈനിയൻ സൈനികർക്കാണ് നന്ദി പറയേണ്ടത്. അവരാണ് യുദ്ധമുഖത്ത് മരിച്ച് വീഴുന്നത്'
വാഴ്‌സ: യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ വെച്ചുണ്ടായ തർക്കത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച് മുൻ പോളിഷ് പ്രസിഡന്റും സമാധാന നോബൽ സമ്മാന ജേതാവുമായ ലെക് വാൽസ. ഇരുവരും തമ്മിലുള്ള തർക്കം ' ഭയാനകവും അരോചകവുമായിരുന്നുവെന്ന്' അറിയിച്ച് കൊണ്ട് വാൽസ ട്രംപിന് കത്തയച്ചു. വെൽസക്ക് പുറമെ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിൽ തടവിലാക്കപ്പെട്ട 39 മുൻ പോളിഷ് രാഷ്ട്രീയ തടവുകാരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
റഷ്യക്കെതിരായ പോരാട്ടത്തിൽ ലഭിച്ച അമേരിക്കൻ സഹായങ്ങൾക്ക് വോളോഡിമർ സെലെൻസ്‌കി നന്ദി കാണിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ആവശ്യം യുക്രൈൻ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ അപമാനിക്കലാണെന്ന് കത്തിൽ പറയുന്നു. സ്വതന്ത്ര ലോകത്തിൻ്റെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി രക്തം ചിന്തുന്ന വീരരായ യുക്രൈനിയൻ സൈനികർക്കാണ് നന്ദി പറയേണ്ടത്. അവരാണ് യുദ്ധമുഖത്ത് മരിച്ച് വീഴുന്നത്, കത്തിൽ വ്യക്തമാക്കുന്നു.
പോളണ്ടിലെ റഷ്യൻ പിന്തുണയുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെയും കോടതികളെയും ക്കുറിച്ച് ഞങ്ങൾ നന്നായി ഓർക്കുന്ന അന്തരീക്ഷത്തെയാണ് ഓവൽ ഓഫിസിലെ സംഭാഷണം ഞങ്ങൾ ഓർമിപ്പിച്ചത് എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്. അന്ന് സർവ്വശക്തരായ കമ്മ്യൂണിസ്റ്റ് പാർട്ടി പോലീസിനുവേണ്ടി പ്രവർത്തിക്കുന്ന പ്രോസിക്യൂട്ടർമാരും ജഡ്ജിമാരും എല്ലാം അവർക്ക് അനുകൂലമാണെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങളുടെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് നിരപരാധികൾ ഞങ്ങൾ കാരണം കഷ്ടപ്പെടുന്നുണ്ടെന്ന് വാദിച്ചുകൊണ്ട് അവർ ഞങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടു. അധികാരികളുമായി സഹകരിക്കാൻ ഞങ്ങൾ സമ്മതിക്കാത്തതിനാലും അവരോട് നന്ദി കാണിക്കാത്തതിനാലും അവർ ഞങ്ങളുടെ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നഷ്ടപ്പെടുത്തി. ഇതേരീതിയിൽ നിങ്ങൾ സെലെൻസ്‌കിയോട് പെരുമാറുന്നത് കണ്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി, കത്തിൽ പറയുന്നു.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം 1994-ൽ യുക്രൈന് നൽകിയ സുരക്ഷാ ഉറപ്പുകൾ പാലിക്കണമെന്നും കത്തിൽ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദം മിച്‌നിക്, ബോഗ്ഡാൻ ലിസ്, സെവെറിൻ ബ്ലംസ്‌റ്റാജൻ, വ്ലാഡിസ്ലാവ് ഫ്രാസിനിയുക്ക് എന്നിവരും കത്തിൽ ഒപ്പുവച്ചവരിൽ ഉൾപ്പെടുന്നു.
1983-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വലേസ, പോളണ്ടിൽ കമ്മ്യൂണിസത്തിന്റെ തകർച്ചയിലേക്ക് നയിച്ച സോളിഡാരിറ്റി ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയിരുന്നു. റഷ്യയുടെ ആധിപത്യത്തെ എതിർക്കാൻ പിന്നീട് മറ്റു രാജ്യങ്ങൾക്കും ഇതൊരു പ്രചോദനമായിരുന്നു. 1990-95 കാലഘട്ടത്തിൽ ജനാധിപത്യ പോളണ്ടിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു വലേസ.