'ഗസ്സയ്ക്കു വേണ്ടിയും പ്രാർത്ഥിക്കണം...' യൂറോപ്യൻ പാർലമെന്റിന്റെ ഹോളോകോസ്റ്റ് മൗനാചരണം തടസ്സപ്പെടുത്തി പോളിഷ് അംഗം

കടുത്ത കത്തോലിക്കാ വിശ്വാസിയായ ബ്രോൺ, അമേരിക്ക - ഇസ്രായേലി വിരുദ്ധൻ കൂടിയാണ്.

Update: 2025-01-30 08:13 GMT
Editor : André | By : Web Desk

സ്ട്രാസ്ബർഗ് (ഫ്രാൻസ്): ജൂതർ കൂട്ടക്കൊലക്കിരയായ ഹോളോകോസ്റ്റിന്റെ ഓർമയ്ക്കായി യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ മൗനമാചരിക്കുന്നതിനിടെ, ഇസ്രായേലിന്റെ വംശഹത്യക്കിരയായ ഗസ്സയ്ക്കു വേണ്ടി ശബ്ദമുയർത്തി പോളണ്ടിന്റെ പ്രതിനിധി. ഇ.യു പാർലമെന്റിലെ പോളിഷ് അംഗങ്ങളിലൊരാളായ ഗ്രിസ്‌ഗോർസ് ബ്രോൺ ആണ് മൗനാചരണം തടസ്സപ്പെടുത്തിയത്. ഇതിനെ തുടർന്ന് അദ്ദേഹത്തെ പാർലമെന്റ് ഹാളിൽ നിന്ന് പുറത്താക്കി.

ഹോളോകോസ്റ്റിന്റെ ഇരകളുടെ ഓർമയ്ക്കായി ഒരു മിനുട്ട് മൗനാചരണം നടത്തണമെന്ന് ഇ.യു പാർലമെന്റ് നിയന്ത്രിച്ചിരുന്ന പ്രസിഡണ്ട് റോബർട്ട മെറ്റ്‌സോള അഭ്യർത്ഥിച്ചതിനെ തുടർന്ന് എല്ലാം അംഗങ്ങളും എഴുന്നേറ്റു നിന്നു. ഇതിനിടെയാണ് 'ഗസ്സയിൽ ജൂതർ നടത്തിയ വംശഹത്യയുടെ ഇരകൾക്കു വേണ്ടി പ്രാർത്ഥിക്കുക' എന്ന ബ്രോണിന്റെ ശബ്ദം മുഴങ്ങിയത്. മൗനാചരണത്തിന്റെ അവസാനത്തിൽ 'ജൂതരുടെ വംശഹത്യക്കിരയായ ഗസ്സയ്ക്കു വേണ്ടി പ്രാർത്ഥിച്ചതിനു നന്ദി' എന്നും അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു. പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തിയതിന് ബ്രോണിനെ ഉദ്യോഗസ്ഥർ ഹാളിൽ നിന്നു പുറത്തേക്കു നയിച്ചു.

താൻ പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുകയായിരുന്നില്ലെന്നും ഇ.യു പ്രസിഡണ്ട് തന്റെ ആഹ്വാനത്തിൽ നിന്ന് ഒഴിവാക്കിയ ഗസ്സയെ ഉൾപ്പെടുത്തുകയാണ് ചെയ്തതെന്നും ഗ്രിസ്‌ഗോർസ് ബ്രോൺ സമൂഹമാധ്യമമായ 'എക്‌സി'ൽ കുറിച്ചു. എല്ലാ ഇരകളും തുല്യരാണെന്നും എന്നാൽ ചില ഇരകൾ മറ്റുള്ളവരേക്കാൾ കൂടുതൽ തുല്യരാണെന്നും ബ്രോൺ പരിഹസിച്ചു.

കോൺഫെഡറേഷൻ ഓഫ് പോളിഷ് ക്രൗണ്ട (കെകെപി) എന്ന രാഷ്ട്രീയ പാർട്ടി നേതാവായ ഗ്രിസ്‌ഗോർസ് ബ്രോൺ പരമ്പരാഗത കത്തോലിക്കാ വിശ്വാസിയും പോളിഷ് ദേശീയവാദിയുമായാണ് സ്വയം വിശേഷിപ്പിക്കുന്നത്. കടുത്ത അമേരിക്ക - ഇസ്രായേൽ വിരോധിയായ ബ്രോൺ ജൂതവംശജർക്കെതിരായ പരസ്യനിലപാടുകളുടെ പേരിൽ കുപ്രസിദ്ധനുമാണ്. ജൂതന്മാർ പോളണ്ടിന്റെ ശത്രുക്കളാണെന്നും അവരുടെ ആചാരങ്ങൾ ചെകുത്താന്റെ ആചാരങ്ങളാണെന്നുമുള്ള ബ്രോണിന്റെ പരാമർശങ്ങൾ വിവാദമായിട്ടുണ്ട്.

2023-ൽ ഹോളോകോസ്റ്റ് അനുസ്മരണ പരിപാടിയിൽ ഉപകരണങ്ങൾ നശിപ്പിച്ച ബ്രോൺ, അതേവർഷം തന്നെ ജൂത ആചാരമായ ഹനുക്കയിൽ അഗ്നിശമന ഉപകരവുമായി കടന്നുകയറി കത്തിച്ചുവച്ച മെഴുകുതിരികൾ കെടുത്തി വാർത്തകളിൽ ഇടംനേടിയിരുന്നു.

ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ പോളണ്ടിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്ന് ഗ്രിസ്‌ഗോർസ് ബ്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്. 2015-ൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ബ്രോണിന് വെറും 0.09 ശതമാനം വോട്ടാണ് ലഭിച്ചത്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News