വിസര്‍ജ്യങ്ങൾ കൊണ്ടുപോകാൻ 'പൂപ്പ് സ്യൂട്ട്കേസ്' മുതൽ മൊബൈൽ ഫുഡ് ലാബ് വരെ; കനത്ത സുരക്ഷയിൽ പുടിന്‍റെ വിദേശയാത്രകൾ

ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ ഏജൻസികളിലൊന്ന്, FSO അഥവാ ഫെഡറൽ പ്രൊട്ടക്റ്റീവ് സർവീസ്

Update: 2025-12-05 02:43 GMT
Editor : Jaisy Thomas | By : Web Desk

മോസ്കോ : ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിൻ. രാജ്യത്തിനകത്തും പുറത്തും വിദേശയാത്രകളിലും കനത്ത സുരക്ഷയാണ് അദ്ദേഹത്തിന് നൽകുന്നത്. പുടിന്‍റെ ഇന്ത്യാ സന്ദര്‍ശനം ലോകം മുഴുവൻ ഉറ്റുനോക്കുമ്പോൾ റഷ്യൻ സുരക്ഷാസേവനങ്ങളുടെ സുരക്ഷാ നടപടികളും ശ്രദ്ധ ആകര്‍ഷിക്കുകയാണ്.

ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ ഏജൻസികളിലൊന്ന്, FSO അഥവാ ഫെഡറൽ പ്രൊട്ടക്റ്റീവ് സർവീസ്. ഇവര്‍ക്കാണ് പുടിന്‍റെ സുരക്ഷാചുമതല. കഠിനമായ പരീക്ഷകൾക്കും പരിശീലനങ്ങൾക്കും അഭിമുഖങ്ങൾക്കും ശേഷമാണ് പുടിന്‍റെ അംഗരക്ഷകരെ തെരഞ്ഞെടുക്കുന്നത്. അവർക്ക് 5.8-6.2 അടി ഉയരവും 75-90 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കണം, വിദേശ ഭാഷകൾ അറിഞ്ഞിരിക്കണം. പ്രായപരിധി 35 വയസ് വരെയാണ്.

Advertising
Advertising

പൊതുപരിപാടികളിലോ അപകടസാധ്യതയുള്ള സാഹചര്യങ്ങളിലോ പുടിൻ ഇടയ്ക്കിടെ ബോഡി ഡബിൾസ് ഉപയോഗിക്കാറുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുടിൻ കുറഞ്ഞത് മൂന്ന് ബോഡി ഡബിൾസുകളെങ്കിലും ഉപയോഗിക്കുന്നുണ്ടെന്നും അവരിൽ ചിലരെ തന്നെപ്പോലെ തോന്നിക്കാൻ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ടെന്നുമാണ് യുക്രൈൻ സൈനിക മേധാവി മേജർ ജനറൽ കിറിൽ ബുഡനോവ് ഒരിക്കൽ വ്യക്തമാക്കിയിരുന്നു.

റഷ്യൻ പ്രസിഡന്‍റിന്‍റെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട് ലോകം മുഴുവൻ ചർച്ചയായ ഏറ്റവും വിചിത്രമായ കാര്യമാണ് പൂപ് സ്യൂട്ട്‌കേസ് (Poop Suitcase) അഥവാ വിസർജ്യങ്ങൾ ശേഖരിക്കാനുള്ള പ്രത്യേക ബ്രീഫ്‌കേസ്. ചില രാജ്യങ്ങളിൽ അദ്ദേഹം പോർട്ടബിൾ ടോയ്‌ലെറ്റ് പോലും ഉപയോഗിക്കാറുണ്ട്. വിദേശത്ത് ഒരു ടോയ്‌ലെറ്റ് ഉപയോഗിച്ചാൽ പോലും, അതിലെ മാലിന്യം അംഗരക്ഷകർ ഒരു പ്രത്യേക ബാഗിലാക്കി സീൽ ചെയ്ത് തിരികെ റഷ്യയിലേക്ക് കൊണ്ടുപോകും. പുടിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിദേശ രാജ്യങ്ങൾക്ക് ഒരു വിവരവും ലഭിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

അതുപോലെ പുടിൻ യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിന്‍റെ ഭക്ഷണത്തിൽ വിഷാംശം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മൊബൈൽ ഫുഡ് ലാബുമുണ്ട്. സ്വന്തം പാചകക്കാരും ഹൗസ് കീപ്പിംഗ് സംഘവും അദ്ദേഹത്തിനൊപ്പമുണ്ടാകും. സുരക്ഷാ സംഘം ഒരു മാസം മുമ്പ് ഹോട്ടൽ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തും. ചില ഹോട്ടലുകൾ അദ്ദേഹത്തിന്റെ ടീമിനായി ഒരു പ്രത്യേക ലിഫ്റ്റ് സജ്ജീകരിക്കാറുണ്ട്, കൂടാതെ എല്ലാ ചേരുവകളും ക്രെംലിനിൽ വെച്ച് മുൻകൂട്ടി പരിശോധിക്കപ്പെടുന്നു. അദ്ദേഹത്തിന്‍റെ പാചകക്കാരും സൈനിക പരിശീലനം ലഭിച്ചവരാണ്.

ഇന്ത്യയിലെത്തിയ ശേഷം ഓറസ് മോട്ടോഴ്‌സും റഷ്യയിലെ NAMI ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് രൂപകൽപന ചെയ്ത ഓറസ് സെനറ്റിലാണ് പുടിൻ സഞ്ചരിക്കുന്നത്. ഈ വാഹനം ബുള്ളറ്റ് പ്രൂഫ്, ഗ്രനേഡ് പ്രതിരോധശേഷിയുള്ളതാണ്, കൂടാതെ അഗ്നിശമന സംവിധാനം, അടിയന്തര ഓക്സിജൻ വിതരണം, നൂതന കമാൻഡ് സംവിധാനങ്ങൾ എന്നീ സൗകര്യങ്ങളുമുണ്ട്. നാല് ടയറുകളും പഞ്ചറായാൽ പോലും കാര്‍ പ്രവര്‍ത്തിക്കും. മണിക്കൂറിൽ 249 കിലോമീറ്റർ വേഗതയാണ് വാഹനത്തിനുള്ളത്.

പുടിൻ യാത്ര ചെയ്യുന്നത് പറക്കും പ്ലൂട്ടോൺ എന്ന് വിളിക്കപ്പെടുന്ന ഇല്യൂഷിൻ ഐഎൽ-96-300 പിയു വിമാനത്തിലാണ്. വിമാനത്തിൽ നൂതന ആശയവിനിമയങ്ങൾ, മിസൈൽ സംരക്ഷണം, മീറ്റിംഗ് റൂമുകൾ, ഒരു ജിം, ഒരു ബാർ, ഒരു മെഡിക്കൽ സൗകര്യം എന്നിവയുണ്ട്. 262 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാനും 11,000 കിലോമീറ്റർ നിർത്താതെ പറക്കാനും ഈ വിമാനത്തിന് കഴിയും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News