'ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല,ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം'; മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ

തനിക്ക് വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസലിക്കയിലായിരിക്കണമെന്നാണ് പോപ്പിന്‍റെ മരണപത്രത്തിലുള്ളത്

Update: 2025-04-22 05:17 GMT
Editor : Jaisy Thomas | By : Web Desk

വത്തിക്കാൻ: അതിരില്ലാത്ത സ്നേഹത്തിന്‍റെയും അളവില്ലാത്ത കരുണയുടെയും പ്രതീകമായ വലിയ ഇടയൻ നിത്യതയിലേക്ക് മറഞ്ഞിരിക്കുന്നു. ആഡംബരങ്ങളെ പടിക്കുപുറത്തു നിര്‍ത്തിയ ഫ്രാൻസിസ് മാര്‍പാപ്പക്ക് താനീ ലോകത്ത് നിന്നും പോകുന്നതും അങ്ങനെയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സംസ്കാരച്ചടങ്ങുകൾ ലളിതമായിരിക്കണമെന്ന് വത്തിക്കാൻ പുറത്തുവിട്ട മരണപത്രത്തിൽ പറയുന്നു.

തനിക്ക് വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസലിക്കയിലായിരിക്കണമെന്നാണ് പോപ്പിന്‍റെ മരണപത്രത്തിലുള്ളത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നു. മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. മരണശേഷം നാലു മുതൽ ആറുദിവസത്തിനുള്ളിൽ ഭൗതികദേഹം സംസ്കരിക്കണം. തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണവും നടത്തും.

Advertising
Advertising

2022 ജൂൺ 29നാണ് മരണപത്രം എഴുതിയിരിക്കുന്നത്."എന്‍റെ ലൗകിക ജീവിതത്തിന്‍റെ അസ്തമയം അടുക്കാറായി'' ഫ്രാൻസിസ് മാര്‍പാപ്പ എഴുതി. "എന്‍റെ ജീവിതവും പൗരോഹിത്യ, മെത്രാൻ ശുശ്രൂഷയും ഞാൻ എപ്പോഴും നമ്മുടെ കർത്താവിന്‍റെ അമ്മയായ പരിശുദ്ധ മറിയത്തെ ഏൽപിച്ചിരിക്കുന്നു. എന്‍റെ ഭൗതികാവശിഷ്ടങ്ങൾ സാന്താ മരിയ മാഗിയോറിലെ പേപ്പൽ ബസിലിക്കയിൽ സംസ്കരിക്കണം'' മരണപത്രത്തിൽ പറയുന്നു. അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ബസിലിക്ക, റോമിലെ നാല് പ്രധാന പേപ്പൽ ബസിലിക്കകളിൽ ഒന്നാണ്. പോപ്പ് നിരവധി തവണ ബസിലിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. തന്‍റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട ചെലവുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്‍റെ വിൽപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. തന്‍റെ ശവസംസ്കാരത്തിനുള്ള ചെലവുകൾ താൻ നേരത്തെ ഏര്‍പ്പാടാക്കിയ വ്യക്തി വഹിക്കുമെന്നും പറയുന്നു.

വളരെ ലളിതമായിരിക്കണം തന്‍റെ ശവകുടീരമെന്നും മണ്ണിനോട് ചേര്‍ന്നതായിരിക്കണമെന്നും പോപ്പ് മരണപത്രത്തിൽ എഴുതിയിട്ടുണ്ട്. ''എന്നെ സ്നേഹിച്ചവർക്കും എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നവർക്കും കർത്താവ് അർഹമായ പ്രതിഫലം നൽകട്ടെ. എന്‍റെ ജീവിതത്തിന്‍റെ അവസാന ഘട്ടത്തിൽ അനുഭവിച്ച കഷ്ടപ്പാടുകൾ, ലോകസമാധാനത്തിനും ജനങ്ങൾക്കിടയിലുള്ള സാഹോദര്യത്തിനും വേണ്ടി ഞാൻ കർത്താവിനു സമർപ്പിച്ചിരിക്കുന്നു." മരണപത്രത്തിൽ അദ്ദേഹം കുറിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News