'കുടിയേറ്റക്കാരെ ബലം പ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസിനെ ഇല്ലായ്മ ചെയ്യും'; അഭയാര്‍ഥികളുടെ ശബ്ദമായി മാര്‍പാപ്പയുടെ അവസാന കത്ത്

കുടിയേറ്റ വിഷയത്തിൽ ഇതിന് മുൻപും പോപ്പ് ഫ്രാൻസിസ് ട്രംപിനെതിരെ രംഗത്തുവന്നിട്ടുണ്ട്

Update: 2025-04-21 10:37 GMT

വത്തിക്കാൻ: വ്യക്തവും കൃത്യമായ നിലപാടുകളിലൂടെ ലോകത്തോട് സംസാരിച്ച ഇടയനായിരുന്നു ഫ്രാൻസിസ് മാര്‍പാപ്പ. ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടി എപ്പോഴും സംസാരിക്കാറുള്ള പാപ്പ കുടിയേറ്റക്കാര്‍ക്ക് വേണ്ടിയും ശബ്ദമുയര്‍ത്തിയിരുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നിരന്തരം വിമര്‍ശിച്ചിരുന്ന ഫ്രാന്‍സിസ് പാപ്പ അവസാനമായി അമേരിക്കൻ ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലും ട്രംപ് ഭരണകൂടത്തിനെതിരായ അതൃപ്തി അറിയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 10നാണ് കത്തയച്ചത്.

നിയമവിരുദ്ധമായി താമസിക്കുന്നു എന്ന കാരണത്താല്‍ മാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസിനെ ഇല്ലായ്മ ചെയ്യുമെന്നും ബലപ്രയോഗത്തില്‍ നിര്‍മിച്ച ഏതൊരു നയവും മോശമായി ആരംഭിക്കുകയും മോശമായി അവസാനിക്കുകയും ചെയ്യുമെന്നും മാര്‍പാപ്പ കത്തിൽ ഓര്‍മിപ്പിച്ചിരുന്നു.

Advertising
Advertising

''അങ്ങേയറ്റത്തെ ദാരിദ്ര്യം, അരക്ഷിതാവസ്ഥ, ചൂഷണം, പീഡനം അല്ലെങ്കില്‍ പരിസ്ഥിതിയുടെ ഗുരുതരമായ തകര്‍ച്ച എന്നിവ കാരണം പല കേസുകളിലും സ്വന്തം ഭൂമി വിട്ടുപോയ ആളുകളെ നാടുകടത്തുന്ന നടപടി, നിരവധി പുരുഷന്മാരുടെയും സ്ത്രീകളുടെയും മുഴുവന്‍ കുടുംബങ്ങളുടെയും അന്തസ്സിനെ നശിപ്പിക്കുകയും അവരെ പ്രത്യേക ദുര്‍ബലതയിലും പ്രതിരോധമില്ലായ്മയിലും ആക്കുകയും ചെയ്യുന്നു'' മാര്‍പാപ്പ എഴുതി.

''കത്തോലിക്കാ സഭയിലെ എല്ലാ വിശ്വാസികളും സന്മനസുള്ള എല്ലാ സ്ത്രീപുരുഷന്മാരും കുടിയേറ്റ, അഭയാർഥി സഹോദരീസഹോദരന്മാരോട് വിവേചനം കാണിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന വിവരണങ്ങൾക്ക് വഴങ്ങരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. കാരുണ്യത്തോടും വ്യക്തതയോടും കൂടി ഐക്യദാർഢ്യത്തിലും സാഹോദര്യത്തിലും ജീവിക്കാനും നമ്മെ കൂടുതൽ അടുപ്പിക്കുന്ന പാലങ്ങൾ പണിയാനും അപമാനത്തിന്റെ മതിലുകൾ ഒഴിവാക്കാനും, എല്ലാവരുടെയും രക്ഷയ്ക്കായി യേശുക്രിസ്തു തന്‍റെ ജീവൻ നൽകിയതുപോലെ നമ്മുടെ ജീവൻ നൽകാൻ പഠിക്കാനും നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു'' കത്തിൽ പറയുന്നു.

കുടിയേറ്റ വിഷയത്തിൽ ഇതിന് മുൻപും പോപ്പ് ഫ്രാൻസിസ് ട്രംപിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഫ്രാന്‍സിസ് യു എസ്- മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യുകയും കുടിയേറ്റക്കാരെ തടയാന്‍ പാലത്തിന് പകരം മതില്‍ പണിയുന്ന ഏതൊരാളും 'ക്രിസ്ത്യാനിയല്ല' എന്ന് പറയുകയും ചെയ്തു. അതിര്‍ത്തിയില്‍ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. “കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സ്വീകരിക്കാം, സംരക്ഷിക്കാം, സഹായിക്കാം, പുനരധിവസിപ്പിക്കാം” എന്ന ഫ്രാന്‍സിസ് പാപ്പയുടെ എന്നതായിരുന്നു പാപ്പയുടെ നിലപാട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News