വിദ്യാർഥികൾക്ക് മൈക്കലാഞ്ചലോയുടെ ശില്‍പം പരിചയപ്പെടുത്തി; അശ്ലീലമെന്ന് രക്ഷിതാക്കള്‍, പ്രിൻസിപ്പൽ രാജിവെച്ചു

5.17 മീറ്റർ ഉയരമുള്ള ശിൽപം പൂർണമായും നഗ്നമാണ്

Update: 2023-03-26 14:35 GMT
Advertising

മൈക്കലാഞ്ചലോയുടെ ശിൽപ്പത്തെ പരിചയപ്പെടുത്തിയതിനെതിരെയുള്ള മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഫ്‌ളോറിഡയിൽ സ്‌കൂൾ പ്രിൻസിപ്പൽ രാജിവെച്ചു. ഫ്‌ളോറിഡയിലെ തല്ലഹസി ക്ലാസിക്കൽ സ്‌കൂളിലെ പ്രിൻസിപ്പലാണ് രാജിവെച്ചത്‌. ആറാം ക്ലാസ് വിദ്യാർഥികൾക്കാണ് മൈക്കലാഞ്ചലോയുടെ 'ദാവീദ്' എന്ന പ്രതിമ പ്രിൻസിപ്പാള്‍ പരിചയപ്പെടുത്തിക്കൊടുത്തത്. എന്നാൽ കുട്ടികളെ അശ്ലീലത പഠിപ്പിക്കുന്നു എന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം.

കുട്ടികളെ അശ്ലീലത പഠിപ്പിക്കുന്നതിന് വിധേയരാക്കി എന്ന ഒരു രക്ഷിതാവിന്റെ പരാതിയെ തുടർന്നാണ് സ്‌കൂൾ മാനേജ്‌മെന്റ് പ്രിൻസിപ്പലിനോട് രാജി ആവശ്യപ്പെട്ടത്. കുട്ടികൾക്ക് നവോത്ഥാന കലകളെ കുറിച്ചുള്ള പാഠമായിരുന്നു പ്രിൻസിപ്പൽ എടുത്തിരുന്നത്. അതിൽ മൈക്കലാഞ്ചലോയുടെ 'ക്രിയേഷൻ ഓഫ് ആദം' എന്ന പെയ്ന്റിംഗ്, ബോട്ടിസെല്ലിയുടെ 'ബെർത്ത് ഓഫ് വീനസ്' എന്നിവയെ കുറിച്ചുള്ള പരാമർശമുണ്ടായിരുന്നു. അതിന്‍റെ ഭാഗമായാണ് കുട്ടികള്‍ക്ക് ശില്‍പം പരിചയപ്പെടുത്തിക്കൊടുത്തത്. 5.17 മീറ്റർ ഉയരമുള്ള ശിൽപം പൂർണമായും നഗ്നമാണ്.

എന്നാൽ ഇത് അശ്ലീലതയാണെന്നും ഇത് കുട്ടികൾക്ക് പഠിപ്പിക്കുന്നതിന് മുമ്പ് ക്ലാസിനെ കുറിച്ച് തങ്ങൾക്ക് അറിയണമെന്നും രക്ഷ്താക്കളുടെ ഭാഗത്തുനിന്നും ആവശ്യമുയരുകയായിരുന്നു.

അതേസമയം രാജി ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഈ പാഠവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നായിരിക്കാമെന്നും രാജിവെച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചതായും പ്രിൻസിപ്പൽ വ്യക്തമാക്കി

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News