''നിങ്ങൾ ഞങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കൂ'': യൂറോപ്യൻ യൂണിയനോട് സെലൻസ്‌കി

യുക്രൈനിനെ തകർക്കാൻ ആർക്കും സാധിക്കില്ലെന്നും പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി

Update: 2022-03-01 15:33 GMT
Editor : afsal137 | By : Web Desk
Advertising

റഷ്യൻ ആക്രമണത്തെ ചെറുത്തു നിൽക്കുമ്പോൾ യൂറോപ്യൻ യൂണിയൻ യുക്രൈനിനൊപ്പമാണെന്ന് തെളിയിക്കൂ എന്ന്‌ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. യൂറോപ്യൻ പാർലമെന്റിനെ ഓൺലൈനായി അഭിസംബോധന ചെയ്യവെയാണ് സെലെൻസ്‌കിയുടെ പരാമർശം.

'നിങ്ങളില്ലാതെ യുക്രൈൻ തനിച്ചാകും, ഞങ്ങളുടെ ശക്തി ഞങ്ങൾ തെളിയിച്ചു, ഞങ്ങൾ നിങ്ങളെപ്പോലെ തന്നെയാണെന്നും ഞങ്ങൾ തെളിയിച്ചു. അതിനാൽ നിങ്ങൾ ഞങ്ങളുടെ കൂടെയാണെന്ന് തെളിയിക്കുക, യുക്രൈനിൽ റഷ്യൻ ആക്രമണം അനുവദിക്കില്ലെന്ന് നിങ്ങൾ വ്യക്തമാക്കുക, നമുക്ക് ഒരുമിച്ച് പോകാം,' സെലെൻസ്‌കി വിശദമാക്കി. യുക്രൈനിനെ തകർക്കാൻ ആർക്കും സാധിക്കില്ലെന്നും പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി കൂട്ടിച്ചേർത്തു. ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സെലൻസ്‌കി പറഞ്ഞു.

യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധനം ചെയ്ത് സംസാരിക്കുന്നു

യുക്രൈനിലെ പ്രധാന നഗരങ്ങളിലെ ജനവാസ മേഖലകളിലടക്കം റഷ്യ അതിതീവ്രമായ ആക്രമണം തുടരുകയാണ്. കീവിനു ശേഷം യുക്രൈനിലെ പ്രധാന നഗരമായ ഹർകീവിലെ സർക്കാർ കെട്ടിടം നിമിഷങ്ങൾക്കൊണ്ട് അഗ്‌നിഗോളമായി തീരുന്ന ദൃശ്യങ്ങൾ യുക്രൈന്റെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. രാജ്യാന്തര മാനുഷിക നിയമങ്ങളെല്ലാം ലംഘിച്ച് റഷ്യ യുദ്ധം വ്യാപിപ്പിക്കുകയാണ്. സാധാരണക്കാരെ കൊല്ലുന്നു, അവരുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇല്ലാതാക്കുന്നു. യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളെല്ലാം അവർ മിസൈലുകൾ തൊടുത്ത് ഇല്ലാതാക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

''ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ എനിക്ക് ആളുകളെ എങ്ങനെ അഭിവാദ്യം ചെയ്യണമെന്ന് അറിയില്ല, ഒരു നല്ല ദിനമോ ശുഭരാത്രിയോ ഉണ്ടാകട്ടെ എന്ന് എനിക്ക് പറയാനാവില്ല, കാരണം ചിലർക്ക് ഇത് അവരുടെ അവസാന ദിവസമാണ്, നമുക്ക് കഠിനമായ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു, ആളുകൾ ഓരോ ദിവസവും മരിക്കുന്നു, അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ഇന്ന് നിരവധി ജീവിതങ്ങൾ ബലികഴിക്കപ്പെടുകയാണെന്ന് ഞാൻ മനസ്സിലാക്കുന്നു, യൂറോപ്യൻ യൂണിയനിൽ അംഗമായി തങ്ങളെ തെരഞ്ഞെടുക്കുകയെന്ന ആവശ്യമാണ് ഞങ്ങൾക്ക് മുമ്പോട്ട് വെയ്ക്കാനുള്ളത്. നിങ്ങളിൽ നിന്ന് അത്തരം സന്ദേശം വരുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു, സെലൻസ്‌കി യൂറോപ്യൻ പാർലമെന്റിനെ അഭിമുഖീകരിച്ചു പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News