അമേരിക്കയുമായുള്ള ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് റഷ്യ പിന്മാറി

യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ന് നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം

Update: 2023-02-21 15:55 GMT
Advertising

മോസ്കോ: അമേരിക്കയുമായുള്ള ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് റഷ്യ പിന്മാറി. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ന് നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം.

അമേരിക്ക ആണവായുധ പരീക്ഷണം നടത്തുമ്പോള്‍ റഷ്യയും അത് പുനരാരംഭിക്കേണ്ടി വരുമെന്ന് പുടിന്‍ വ്യക്തമാക്കി. അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രൈനില്‍ റഷ്യയുടെ പരാജയമെന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിച്ചെന്നും പുടിന്‍ കുറ്റപ്പെടുത്തി- "ഇപ്പോൾ അവർ ഞങ്ങളുടെ പ്രതിരോധ സൗകര്യങ്ങൾ പരിശോധിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഇന്നത്തെ സാഹചര്യത്തില്‍ ഇത് തികച്ചും അസംബന്ധമാണെന്ന് തോന്നുന്നു"

യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവും 2010ൽ ഒപ്പുവച്ചതാണ് പുതിയ ആണവായുധ നിയന്ത്രണ കരാര്‍. ആണവ ശേഖരത്തിന്‍റെ എണ്ണം 1550ഉം മിസൈലുകളുടെയും ബോംബറുകളുടെയും എണ്ണം 700ഉം ആയി കരാര്‍ പ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്നു. ഉടമ്പടി പാലിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ പരിശോധനയും കരാറില്‍ പറയുന്നുണ്ട്. 2021 ഫെബ്രുവരിയിലാണ് ഉടമ്പടി അവസാനിക്കേണ്ടിയിരുന്നത്. തുടര്‍ന്ന് റഷ്യയും അമേരിക്കയും ഇത് അഞ്ച് വർഷത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിനു ശേഷം റഷ്യയും അമേരിക്കയും പരസ്പര പരിശോധനകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. പിന്നാലെയാണ് കരാറില്‍ നിന്ന് പിന്മാറുകയാണെന്ന് പുടിന്‍ പ്രഖ്യാപിച്ചത്. 

യുക്രൈൻ യുദ്ധത്തിനുള്ള യഥാർഥ കാരണക്കാർ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളാണെന്ന് പുടിൻ വിമര്‍ശിച്ചു. നവനാസികളെ പരിശീലിപ്പിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങളെന്നും പുടിൻ ആരോപിച്ചു.

Summary- Russian President Vladimir Putin declared Tuesday that Moscow was suspending its participation in the New START treaty — the last remaining nuclear arms control pact with the United States — sharply upping the ante amid tensions with Washington over the fighting in Ukraine

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News