'കോൾ എത്തിയത്‌ സ്‌ഫോടനം നടക്കുമ്പോൾ': ആക്രമണം മുൻകൂട്ടി അറിയിച്ചുവെന്ന യുഎസ് പ്രസ്താവന നിഷേധിച്ച് ഖത്തർ

ആക്രമണത്തിന് വിമാനങ്ങൾ പുറപ്പെട്ടപ്പോൾ ഇസ്രായേൽ യുഎസിനെ അറിയിച്ചിരുന്നുവെന്നും ഇക്കാര്യം ഖത്തറിനെ അറിയിക്കാൻ ട്രംപ് നിർദേശം നൽകിയെന്നുമായിരുന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നത്

Update: 2025-09-09 18:43 GMT
Editor : rishad | By : Web Desk

ദോഹ: ഇസ്രായേല്‍ ആക്രമണം മുൻകൂട്ടി അറിയിച്ചുവെന്ന യുഎസ് പ്രസ്താവന നിഷേധിച്ച് ഖത്തർ. സ്ഫോടനം നടക്കുമ്പോഴാണ് അമേരിക്കൻ ഉദ്യോഗസ്ഥന്റെ ഫോണ്‍ കോൾ വന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.

ആക്രമണത്തെക്കുറിച്ചുള്ള വിവരം ഖത്തറിനെ മുൻകൂട്ടി അറിയിച്ചിരുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ദോഹയിൽ ഇസ്രായേൽ ആക്രമണത്തെതുടര്‍ന്നുണ്ടായ സ്ഫോടന ശബ്ദം കേൾക്കുന്നതിനിടെയാണ് ഒരു അമേരിക്കൻ ഉദ്യോഗസ്ഥനിൽ നിന്ന് ഫോണ്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ആക്രമണത്തിന് വിമാനങ്ങൾ പുറപ്പെട്ടപ്പോൾ ഇസ്രായേൽ യുഎസിനെ അറിയിച്ചിരുന്നുവെന്നും ഇക്കാര്യം ഖത്തറിനെ അറിയിക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കിയെന്നുമായിരുന്നു വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇതാണിപ്പോള്‍ ഖത്തര്‍ നിഷേധിച്ചിരിക്കുന്നത്. ഇതിനിടെ അടിയന്തര നടപടി വേണമെന്ന് ഐക്യരാഷ്ട്ര സഭയോട് ഖത്തർ ആവശ്യപ്പെട്ടു.

ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവരോട് സഹിഷ്ണുതയില്ലെന്നും മേഖലയുടെ സുരക്ഷക്ക് ഇസ്രായേൽ ഭീഷണിയാണെന്നും ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽതാനി പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിനിടെ സൈനികൻ കൊല്ലപ്പെട്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സേനയിലെ നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ സഅദ് മുഹമ്മദ് അൽ ദുസൂരിയാണ് കൊല്ലപ്പെട്ടത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News