യുകെ കൗൺസിൽ തെരഞ്ഞെടുപ്പ്: മത്സരിക്കാൻ മലയാളികളുടെ തിരക്ക്
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മെട്രോപൊളിറ്റൻ ബറോ ആയ ട്രാഫോർഡിൽ മാത്രം പത്ത് മലയാളികളാണ് കൗൺസിൽ സ്ഥാനത്തേക്ക് മത്സരിക്കുന്നത്
യുകെയിൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മലയാളി സ്ഥാനാർഥികളുടെ എണ്ണം റെക്കോർഡ് കടന്നു. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ഭൂരിഭാഗവും മലയാളി സ്ഥാനാർഥികളാണ്. കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർഥികളാണ് മിക്കവരും. നിലവിൽ കൗൺസിൽ അംഗങ്ങളായവരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
യുകെയിലെ എല്ലാ കൗൺസിലുകളിലും ഈ വർഷം മത്സരമില്ല. ചില കൗൺസിലുകളിൽ നാലു വർഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പ്. ചില കൗൺസിലുകൾ രണ്ട് വർഷം കൂടുമ്പോൾ പകുതി സ്ഥാനങ്ങളിലേക്ക് മാത്രം തെരഞ്ഞെടുപ്പ് നടത്തും. കൗൺസിലിലെ അംഗങ്ങൾക്ക് പരിചയസമ്പത്ത് ഉറപ്പു വരുത്താനാണിത്. ഒരേ കൗൺസിലിൽ തന്നെ ഒന്നിലധികം കൗൺസിലർമാരും ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ ഒരേ വാർഡിൽ നിന്നാണെങ്കിലും പരസ്പരം ആവില്ല ഇവരുടെ മത്സരം.
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മെട്രോപൊളിറ്റൻ ബറോ ആയ ട്രാഫോർഡിൽ മാത്രം പത്ത് മലയാളികളാണ് കൗൺസിൽ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലാണ് ഇത്രയധികം മലയാളികൾ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നതും.
ഈ തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചില മലയാളി സ്ഥാനാർഥികളുടെ പേരു വിവരങ്ങൾ നോക്കാം...
വർഗീസ് ജോൺ
വോക്കിങ് ബറോ കൗൺസിലിൽ നിന്ന് കൺസർവേറ്റീവ് പാർട്ടിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാർഥിയാണ് വർഗീസ് ജോൺ. 2008ൽ തുടങ്ങിയ വോക്കിങ്ങ് മലയാളി അസ്സോസിയേഷന്റെ ആദ്യ പ്രസിഡന്റാണിദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് സണ്ണി എന്നറിയപ്പെടുന്ന വർഗീസ് ജോൺ.
സുനിൽ കുമാർ
ഒഐസിസി യുകെയുടെ റീജിയണൽ കോ-ഓർഡിനേറ്ററും സജീവ പ്രവർത്തകനുമായ സുനിൽ കുമാർ ബോൺമൗത്തിലെ ഓക്‌ഡേയ്ൽ വാർഡിലെ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർഥിയാണ്. ഹണിവെല്ലിൽ ടെക്‌നിക്കൽ എഞ്ചിനീയർ ആണ് ഇദ്ദേഹം.
ഗ്രിഗറി പയസ്
യുകെയിലെ മലയാളികൾക്കിടയിൽ േ്രഗ ഫ്രം മിൽട്ടൺ കീനെസ് എന്നറിയപ്പെടുന്ന ഗ്രിഗറി പയസ് മിൽട്ടൺ കീനെസ് സിറ്റി കൗൺസിലിൽ നിന്നുള്ള സ്ഥാനാർഥിയാണ്. കൺസർവേറ്റീവ് പാർട്ടിക്ക് വേണ്ടി മത്സരിക്കുന്ന ഇദ്ദേഹം, 1975 മുതൽ യുകെയിലുണ്ട്.
അരുൺ മാത്യു
ഡോവർ ഡിസ്ട്രിക് കൗൺസിൽ മത്സരിക്കുന്ന കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയാണ് അരുൺ മാത്യു. കൺസർവേറ്റീവ് പാർട്ടിക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് ഡോവർ കൗൺസിൽ. ഇവിടെ അയൽഷം, ഇതോൺ, ഷെപ്പെർഡ്‌സ് വെൽ വാർഡുകളിലാണ് അരുൺ മത്സരിക്കുന്നത്. നിലവിൽ കൗൺസിലിലെ 32 സീറ്റുകളിൽ 19ഉം കൺസർവേറ്റീവ് പാർട്ടിയുടേതാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കൗൺസിലിന്റെ വികസനത്തിന് വേണ്ട എല്ലാവിധ പിന്തുണയും നൽകുമെന്നാണ് അരുണിന്റെ വാഗ്ദാനം. കുടുംബത്തോടൊപ്പം കെന്റിലാണ് അരുണിന്റെ താമസം.
ഷാജി തോമസ്
ഈസ്റ്റ് സസെക്‌സിലെ റോഥർ ഡിസ്ട്രിക്റ്റ് കൗൺസിലിലെ കൺസർവേറ്റീവ് സ്ഥാനാർഥിയാണ് ഷാജി തോമസ്. സാക്ക് വില്ലെ വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. എരുമേലി സ്വദേശിയായ ഷാജി സസെക്‌സിലെ ബെക്‌സ്ഹില്ലിലാണ് താമസം.
മനേജ് പിള്ള
യുകെ മലയാളി അസോസിയേഷൻ, യുക്മയുടെ മുൻ പ്രസിഡന്റായിരുന്ന മനോജ് പിള്ള് ബോൺമൗത്ത്, ക്രൈസ്റ്റ്ചർച്ച്, പൂൾ കൗൺസിൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. കാൻഫോർഡ് വാർഡിന്റെ പ്രതിനിധിയാണ്.
ബിബിൻ ബേബി
നോർഫോക്ക് കൗണ്ടിയിലെ ലേബർ പാർട്ടിയുടെ സ്ഥാനാർഥിയാണ് ബിബിൻ ബേബി. ബ്രോഡ്‌ലൻഡ് ഡിസ്ട്രിക്ട് കൗൺസിലിലെ സ്പ്രൗസ്റ്റൺ വാർഡിൽ നിന്നും സ്പ്രൗസ്റ്റൺ ടൗൺ കൗൺസിലിന്റെ സ്പ്രൗസ്റ്റൺ സൗത്ത് ഈസ്റ്റ് വാർഡിൽ നിന്നും ഇദ്ദേഹം മത്സരിക്കുന്നുണ്ട്. ഒഐസിസി യുകെ നാഷണൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ യൂത്ത് കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
ഈ മാസം പതിനെട്ടിനാണ് അയർലൻഡിൽ ഇലക്ഷൻ. സ്‌കോട്‌ലൻഡിലും വെയിൽസിലും ഇലക്ഷൻ ഈ മാസം ഉണ്ടാവില്ല.