'യുഎന്നിന്റെ പുറത്തും രക്ഷയില്ല'; നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി ബന്ദികളുടെ ബന്ധുക്കളും
നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
Photo: Times of Israel
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭക്കുള്ളിലെ കൂക്കിവിളിക്ക് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന് നേരെ പുറത്തും പ്രതിഷേധം. യുഎന്നില്‍ പ്രസംഗിക്കുന്നതിനിടെ ഗസ്സയില്‍ ബന്ദികളാക്കിയ ഇസ്രായേലികളുടെ കുടുംബാംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ബന്ദികളെ മോചിപ്പിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
മിഡ്‌ടൗൺ മാൻഹട്ടനിലെ ഐക്യരാഷ്ട്രസഭയ്ക്ക് എതിർവശത്തുള്ള ഡാഗ് ഹാമർസ്ക്ജോൾഡ് പ്ലാസയിൽ നടന്ന പ്രതിഷേധത്തിൽ 200ലധികം ആളുകളാണ് പങ്കെടുത്തത്. മഞ്ഞ പൂക്കളും ബന്ദികളുടെ ചിത്രങ്ങളുള്ള ബാനറുകളും പിടിച്ചായിരുന്നു പ്രതിഷേധം.
"നെതന്യാഹു പോയ എല്ലാ സ്ഥലങ്ങളിലും ഞങ്ങൾ പോയിട്ടുണ്ട്, ഒരു സമ്പൂർണ്ണ കരാർ തയ്യാറാക്കി യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ബന്ദികളാക്കിയ 48 പേരും ഇസ്രായേലിലേക്ക് മടങ്ങിവരുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്''- ബന്ദിയായ മതൻ ആംഗ്രെസ്റ്റിന്റെ പിതാവ് ഹഗായ് ആംഗ്രെസ്റ്റ് പറഞ്ഞു. അതേസമയം യുഎൻ പൊതുസഭയിൽ പ്രസംഗിക്കാനെത്തിയ നെതന്യാഹുവിനെ കൂക്കിവിളിച്ചാണ് നിരവധി അറബ്, മുസ്ലിം, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾ എതിരേറ്റത്. നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്കരിച്ച് ഇവർ ഇറങ്ങിപ്പോവുകയും ചെയ്തു.
എന്നാല്‍ ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനായിട്ടില്ലെന്നും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നും നെതന്യാഹു പറഞ്ഞു.