ഞാന്‍ സാംസ്കാരിക ക്രിസ്ത്യൻ, ബ്രിട്ടനിൽ റമദാന് പ്രാധാന്യം ലഭിക്കുന്നത് ഭയപ്പെടുത്തുന്നു: റിച്ചാർഡ് ഡോക്കിൻസ്

‘കത്തീഡ്രലുകളും മനോഹരമായ ഇടവക പള്ളികളും നഷ്ടപ്പെടുന്നതിൽ ഞാൻ സന്തോഷവാനല്ല’

Update: 2024-04-06 14:37 GMT

ലണ്ടൻ: താനൊരു സാംസ്കാരിക ക്രിസ്ത്യാനിയാണെന്നും ബ്രിട്ടനിൽ റമദാനിന്റെ ഭാഗമായി വിളക്കുകൾ തൂക്കിയതിനെ എതിർക്കുന്നതായും പ്രശസ്ത യുക്തിവാദിയും പരിണാമ ജീവശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസ്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈസ്റ്റർ ആഘോഷത്തോടൊപ്പമാണ് ഓക്സ്ഫോർഡ് സ്ട്രീറ്റിൽ റമദാനിന്റെ ഭാഗമായി മൂന്ന് ലക്ഷം വിളക്കുകൾ ലണ്ടൻ മേയർ സാദിഖ് ഖാ​​ന്റെ നേതൃത്വത്തിൽ തെളിയിച്ചത്.

‘റമദാന് കൂടുതൽ പ്രധാന്യം നൽകുന്നു എന്ന് കേൾക്കുമ്പോൾ ഞാന്‍ ഭയപ്പെടുകയാണ്. നമ്മൾ ഒരു ക്രിസ്ത്യൻ രാജ്യമാണെന്ന് എനിക്ക് തോന്നുന്നു. സ്ഥിതിവിവരക്കണക്കനുസരിച്ച്, യഥാർത്ഥത്തിൽ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്ന ആളുകളുടെ എണ്ണം കുറയുന്നു എന്നത് ശരിയാണ്. അതിൽ ഞാൻ സന്തുഷ്ടനാണ്. എന്നാൽ, നമ്മുടെ എല്ലാ കത്തീഡ്രലുകളും മനോഹരമായ ഇടവക പള്ളികളും നഷ്ടപ്പെടുന്നതിൽ ഞാൻ സന്തോഷവാനല്ല. അതിനാൽ, ഞാൻ എന്നെ ഒരു സാംസ്കാരിക ക്രിസ്ത്യാനിയായി കണക്കാക്കുന്നു. നമ്മൾ ഏതെങ്കിലും ബദൽ മതം മാറ്റിസ്ഥാപിച്ചാൽ അത് പ്രശ്നമാകുമെന്ന് ഞാൻ കരുതുന്നു. അത് ശരിക്കും ഭയാനകമായിരിക്കും’ -റിച്ചാർഡ് ഡോക്കിൻസ് അഭിമുഖത്തിൽ പറഞ്ഞു.

Advertising
Advertising

‘ഇസ്‌ലാമിന്റെയും ഹദീസിൻ്റെയും ഖുർആനിന്റെയും സിദ്ധാന്തങ്ങൾ അടിസ്ഥാനപരമായി സ്ത്രീകളോടുള്ള വിരോധമാണ്. സ്വവർഗ്ഗാനുരാഗികളോടും വിരോധമുണ്ട്. ക്രിസ്ത്യൻ വിശ്വാസത്തിന്റെ ഒരു വാക്ക് പോലും ഞാൻ വിശ്വസിക്കുന്നില്ലെങ്കിലും സാംസ്കാരികമായി ഒരു ക്രിസ്ത്യൻ രാജ്യത്ത് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ക്രിസ്തുമതമോ ഇസ്‌ലാമോ തെരഞ്ഞെടുക്കേണ്ടി വന്നാൽ, ഓരോ തവണയും താൻ ക്രിസ്തുമതം തെരഞ്ഞെടുക്കും’ -റിച്ചാർഡ് ഡോക്കിൻസ് കൂട്ടിച്ചേർത്തു.

നേരത്തേ, ചർച്ചിലെ പള്ളി മണികൾ മുഴങ്ങുന്നത് കേൾക്കാൻ ഇഷ്ടമാണെന്നും എന്നാൽ, പള്ളിയിൽനിന്നുള്ള ബാങ്ക് വിളി അരോചകമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ദി ഗോഡ് ഡെലൂഷൻ അടക്കമുള്ള ഗ്രന്ഥങ്ങൾ റിച്ചാർഡ് ഡോക്കിൻസ് രചിച്ചിട്ടുണ്ട്. .

Full View

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News