യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ ഉത്തരകൊറിയൻ സൈന്യവുമുണ്ടെന്ന് സ്ഥിരീകരിച്ച് റഷ്യ
11,000 ഉത്തരകൊറിയന്‍ സൈനികര്‍ കുര്‍സ്‌ക് മേഖലയില്‍ യുദ്ധം ചെയ്യുന്നതായി ഈ വര്‍ഷം ആദ്യം ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മോസ്‌കോ: യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ ഉത്തരകൊറിയൻ സൈന്യത്തിന്റെയും സഹായവും പിന്തുണയുമുണ്ടെന്ന് സ്ഥിരീകരിച്ച് റഷ്യ. ഇതാദ്യമായാണ് യുദ്ധത്തിൽ ഉത്തരകൊറിയയുടെ സഹായവും ലഭിച്ചെന്ന് റഷ്യ സ്ഥിരീകരിക്കുന്നത്. ഉത്തരകൊറിയയുടെ സഹായം റഷ്യ സ്വീകരിക്കുന്നതായി സെലന്‍സ്‌കിയും ദക്ഷിണകൊറിയയും നേരത്തെ ആരോപിച്ചിരുന്നു.
വ്ളാദിമർ പുടിന് റഷ്യന്‍ ജനറല്‍ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഉത്തരകൊറിയന്‍ ബന്ധം സ്ഥിരീകരിക്കുന്നത്.
യുക്രൈൻ സൈന്യത്തെ കീഴടക്കുന്നതില്‍ ഉത്തരകൊറിയന്‍ സൈന്യം റഷ്യക്ക് ഗണ്യമായ സഹായം നല്‍കി. രണ്ട് രാഷ്ട്രങ്ങളും ചേര്‍ന്ന് സമഗ്രവും തന്ത്രപരവുമായ സഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുര്‍സ്‌ക് അതിര്‍ത്തിയിൽ നടത്തിയ സൈനിക നടപടി മറ്റ് മേഖലകളിലെ വിജയത്തിനുകൂടി സഹായകമായെന്ന് ക്രംലിനില്‍ പുടിന്‍ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.
11,000 ഉത്തരകൊറിയന്‍ സൈനികര്‍ കുര്‍സ്‌ക് മേഖലയില്‍ യുദ്ധം ചെയ്യുന്നതായി ഈ വര്‍ഷം ആദ്യം ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റഷ്യയും ഉ. കൊറിയയും ഇതിനോട് പ്രതികരിച്ചിരുന്നില്ല.
4000 ത്തോളം സൈനികരിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാര്‍ച്ചില്‍ 3000 സൈനികരെകൂടി ഉത്തരകൊറിയ വിന്യസിച്ചതായി ദക്ഷിണകൊറിയ ആരോപിച്ചിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യ ആക്രമണത്തിനുപയോഗിച്ച ബാലിസ്റ്റിക്ക് മിസൈല്‍ ഉത്തരകൊറിയയില്‍ നിര്‍മിച്ചതാണെന്ന് യുക്രൈൻ പ്രസിഡന്റ് സെലന്‍സ്‌കി എക്‌സ് പോസ്റ്റില്‍ ആരോപിച്ചിരുന്നു. മിസൈല്‍ ഉത്തരകൊറിയയുടേതാണെന്ന് സ്ഥിരീകരിച്ചാല്‍ റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ക്രൂരബന്ധത്തിന്റെ തെളിവാണെന്നും അവരൊന്നിച്ച് ജനങ്ങളെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നും സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.
അതേസമയം, കുര്‍സ്‌ക് മേഖലയിലെ യുക്രൈൻ സൈന്യത്തെ പൂര്‍ണമായും കീഴടക്കിയതായി റഷ്യന്‍ നേതൃത്വം പ്രഖ്യാപിച്ചു. കുര്‍സ്‌കില്‍ പൂര്‍ണവിജയമുണ്ടായതായി റഷ്യന്‍ സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് മേധാവി ജെറാസിമോവ് പുടിനെ അറിയിച്ചതായി ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞതായി റഷ്യന്‍ മാധ്യമമായ ടിഎഎസ്എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഈ വാദം കീവ് ഭരണകൂടം നിഷേധിച്ചു. വെല്ലുവിളികളുണ്ടായിരുന്നെങ്കിലും ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാന്‍ സാധിച്ചതായും ഭരണകൂടം വ്യക്തമാക്കി.