റഷ്യ-യുക്രൈൻ യുദ്ധം; അവസാനശ്വാസം വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ്

യുക്രൈനിലെ അഞ്ച് നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Update: 2022-03-09 00:55 GMT
Editor : Lissy P | By : Web Desk
Advertising

റഷ്യ-യുക്രൈൻ യുദ്ധം രണ്ടാം ആഴ്ചയിലേക്ക്.യുദ്ധം ആരംഭിച്ചിട്ട് 14 ദിവസമായിട്ടും റഷ്യ ആക്രമണം തുടരുകയാണ്. എന്നാൽ യുദ്ധത്തിൽ റഷ്യക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞു. റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യുദ്ധം ആരംഭിച്ചിട്ട് രണ്ടാഴ്ച ആകുമ്പോഴും റഷ്യയുടെ ആക്രമണം നിർത്താതെ തുടരുകയാണ്.

രക്ഷാദൗത്യത്തിന്റെ ഭാഗമായി റഷ്യ ഇന്നും യുക്രൈനിലെ നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. കിയവ്, ചെർണിഹിവ്, സുമി, ഖാർകിവ് , മരിയുപോൾ തുടങ്ങിയ അഞ്ച് നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഈ നഗരങ്ങളിൽ നിന്നെല്ലാം നിരവധി പേരാണ് കൂട്ടമായി വിവിധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത്. ആക്രമണം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്നും എന്തുവില കൊടുത്തും സ്വന്തം നാടിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞു.

ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സെലൻസ്‌കിയുടെ പ്രഖ്യാപനം. എന്നാൽ റഷ്യക്ക് മേലുള്ള വിലക്കുകൾ തുടരുകയാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, റഷ്യക്ക് അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കാനോ ലേലം വിളിക്കാനോ അനുവാദമില്ല.

മക്‌ഡൊണാൾഡിന്റെ റഷ്യയിലെ 850 റെസ്റ്റോറന്റുകൾ താൽക്കാലികമായി അടച്ചുപൂട്ടി. ഫിഫ, യുവേഫ മത്സരങ്ങളിൽ നിന്നും റഷ്യൻ ടീമുകളെയും ക്ലബ്ബുകളെയും സസ്‌പെൻഡ് ചെയ്തതിനെതിരെ റഷ്യൻ ഫുട്‌ബോൾ യൂണിയൻ അപ്പീൽ നൽകി. അതിനിടെ യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ പുരോഗതി വിലയിരുത്താൻ നെതർലാൻഡ്സ് പ്രധാനമന്ത്രി മാൻക്ക് റുട്ടെയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News