റഷ്യ-യുക്രൈൻ സമാധാന കരാറിന് ധാരണയായെന്ന് റിപ്പോർട്ട്
അബുദാബിയിൽ റഷ്യൻ പ്രതിനിധികളുമായി യുഎസ് ആർമി സെക്രട്ടറി നടത്തിയ ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് വൈറ്റ് ഹൗസ്
കീവ്: റഷ്യ-യുക്രൈൻ സമാധാന കരാറിന് ധാരണയായെന്ന് റിപ്പോർട്ട്. അബുദാബിയിൽ റഷ്യൻ പ്രതിനിധികളുമായി യുഎസ് ആർമി സെക്രട്ടറി നടത്തിയ ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യു.എസ് മുന്നോട്ടുവെച്ച പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ സ്വീകാര്യമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. പരിഷ്‌കരിച്ച യുഎസ് സമാധാന പദ്ധതിയിലെ നിര്‍ദേശങ്ങള്‍ കരാറുകളിലേക്ക് നയിച്ചേക്കാമെന്നും എന്നാല്‍ പലതും യുഎസിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസിന്റെയും റഷ്യയുടെയും പ്രതിനിധികള്‍ അബുദാബിയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേസമയം, റഷ്യയുടെ ഭാഗത്ത് നിന്ന് ഭാവിയിൽ ഉണ്ടായേക്കാവുന്ന ആക്രമത്തിൽ നിന്ന് യുക്രൈനെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഉറപ്പുകൾ കരാറിൽ ഉൾപ്പെടുത്തണമെന്ന് യൂറോപ്യൻ നേതാക്കൾ ആവശ്യപ്പെട്ടു. ഉക്രെയ്‌നിന്റെ പരമാധികാരവും ദീർഘകാല സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. അമേരിക്കയും സഖ്യകക്ഷികളുമായി നടത്തിയ ചർച്ച കരാറായി മാറുമെന്ന പ്രത്യാശ സെലൻസ്കി പങ്കുവെച്ചു. സഖ്യകക്ഷികളോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിനെ റഷ്യന്‍ നേതാവ് വ്ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്താന്‍ മോസ്‌കോയിലേക്ക് അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. അഭിപ്രായവ്യത്യാസമുള്ള കുറച്ച് കാര്യങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ ട്രംപ് പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു.