'നിലനിൽപ്പിന് ഭീഷണിയായാൽ മാത്രമേ ആണവായുധം പ്രയോഗിക്കൂ'; നിലപാട് വ്യക്തമാക്കി റഷ്യ

ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യം നിലവിൽ യുക്രൈനിലില്ലെന്നും സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി

Update: 2022-03-23 07:04 GMT

യുക്രൈനില്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ലോകത്തിന്‍റെ ആശങ്കകള്‍ക്ക് മറുപടിയുമായി റഷ്യ. രാജ്യത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമെ ആണവായുധം പ്രയോഗിക്കൂവെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറ‍ഞ്ഞു. ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യം നിലവില്‍ യുക്രൈനിലില്ലെന്നും സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ പെസ്കോവ് വ്യക്തമാക്കി. 

"റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്, അതില്‍ ആണവായുധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആര്‍ക്കും പരിശോധിക്കാം. രാജ്യത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യമുണ്ടായാല്‍ അവസാന ആയുധമായി മാത്രമേ ആണവായുധം പ്രയോഗിക്കൂ" പെസ്കോവ് പറഞ്ഞു.  

Advertising
Advertising

അതേസമയം, ദിമിത്രി പെസ്‌കോവിന്റെ പ്രസ്‌താവന അപകടകരമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ജോൺ കിർബി പ്രതികരിച്ചു. ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്തതോടെയുള്ള മറുപടിയാണ് റഷ്യ നൽകേണ്ടിയിരുന്നതെന്നും യു.എസ് സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.  

യുദ്ധത്തില്‍ മുന്നേറ്റമുണ്ടാകാതിരിക്കുകയും പശ്ചാത്യ രാജ്യങ്ങളുൾപ്പെടെ ഉപരോധങ്ങൾ ശക്തമാക്കുകയും ചെയ്താൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരമ്പരാഗത യുദ്ധോപകരണങ്ങളിലും സൈനികരുടെ എണ്ണത്തിലും കുറവു വന്നാല്‍ റഷ്യയ്ക്ക് ആണവായുധങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നാണ് പെന്‍റഗണിന്‍റെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ചൂണ്ടിക്കാട്ടിയത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News