ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ടതാ, റഷ്യന്‍ കോടീശ്വരന് നഷ്ടമായത് 900 കോടി; സംഭവിച്ചത് ഇതാണ്..

റഷ്യയിലെ സമ്പന്നരായ ബാങ്കര്‍മാരില്‍ ഒരാളും ടിങ്കോഫ് ബാങ്കിന്റെ സ്ഥാപകനുമായ ഒലേഗ് ടിങ്കോവാണ് വെളിപ്പെടുത്തൽ നടത്തിയത്

Update: 2025-12-30 03:47 GMT

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തെ അപലപിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പെഴുതി പോസ്റ്റിട്ടതിന് 900 കോടി രൂപ നഷ്ടമായതായി റഷ്യന്‍ കോടീശ്വരന്‍. റഷ്യന്‍ ബാങ്കിങ് വ്യവസായിയായ ഒലേഗ് ടിങ്കോവാണ് വെളിപ്പെടുത്തില്‍ നടത്തിയത്. വിയോജിപ്പുകളോടുള്ള റഷ്യന്‍ സര്‍ക്കാരിന്റെ സമീപനം എങ്ങനെയാണെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യന്‍ വംശജനായ വ്യവസായിയും കോടീശ്വരനുമാണ് ഇദ്ദേഹം. റഷ്യയിലെ സമ്പന്നരായ ബാങ്കര്‍മാരില്‍ ഒരാളായ അദ്ദേഹം ടിങ്കോഫ് ബാങ്കിന്റെ സ്ഥാപകന്‍ കൂടിയാണ്.

യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തെ സ്വബോധമില്ലാത്ത പ്രവൃത്തിയെന്നായിരുന്നു 2022ല്‍ ടിങ്കോവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. യുദ്ധസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ റഷ്യന്‍ സേന അപര്യാപ്തമാണെന്നും അഴിമതി നിറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 90 ശതമാനം റഷ്യക്കാരും യുദ്ധത്തിനെതിരാണെന്നും അനുകൂലിക്കുന്ന ബാക്കിവരുന്ന 10 ശതമാനത്തിന് സ്വബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

Advertising
Advertising

'യുദ്ധം ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. നിരപരാധികളായ പൊതുജനങ്ങളും സൈനികരും പിടഞ്ഞുവീഴുകയാണ്. രാജ്യത്തെ ഏകാധിപത്യത്തില്‍ എല്ലാം തകര്‍ന്നിരിക്കുമ്പോള്‍ സൈന്യത്തിന് മാത്രമായി എങ്ങനെ നല്ലതായിരിക്കാനാകും.?' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ക്രെംലിനില്‍ നിന്ന് തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നതായി സമീപകാലത്ത് ബിബിസിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ടിങ്കോവ് വെളിപ്പെടുത്തി. തന്റെ ബാങ്കില്‍ നിന്ന് ഓഹരികള്‍ പിന്‍വലിക്കുമെന്നും അല്ലെങ്കില്‍ ബാങ്ക് ദേശസാത്കരിക്കുമെന്നുമായിരുന്നു ഫോണ്‍ കോളില്‍. അതൊരു ചര്‍ച്ചയായിരുന്നില്ലെന്നും കടുത്ത ഭീഷണിയുടെ സ്വരത്തിലായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

'പണത്തെ കുറിച്ച് എനിക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഞാനൊരു ബന്ദിയെ പോലെയായിരുന്നു'. ന്യൂയോര്‍ക്ക് ടൈംസിനോട് അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയുണ്ടായ സംഭവങ്ങളോടെ 2022 ഏപ്രിലില്‍ ബാങ്കുമായുള്ള ബന്ധം അദ്ദേഹം വിച്ഛേദിക്കുകയായിരുന്നു.

നിര്‍ബന്ധിത വില്‍പ്പനയിലൂടെ തന്റെ ഓഹരിയുടെ മൂല്യം മൂന്ന് ശതമാനം മാത്രമായെന്നും തന്റെ സമ്പത്തില്‍ നിന്ന് 900 കോടി നഷ്ടമായെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു. പിന്നാലെ ടിങ്കോവ് റഷ്യ വിടുകയും റഷ്യന്‍ പൗരത്വം ഉപേക്ഷിക്കുകയും ചെയ്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News