'യുക്രൈൻ യുദ്ധത്തിനിടെ കൊക്കേഷ്യൻ മേഖലയിൽ പുടിന്‍ മരണം മുഖാമുഖം കണ്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്'

റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്റെ ആരോഗ്യനില മോശമായതായുള്ള വാർത്തകൾക്കു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ

Update: 2022-05-24 12:47 GMT
Editor : Shaheer | By : Web Desk
Advertising

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുനേരെ രണ്ടു മാസം മുൻപ് വധശ്രമം നടന്നതായി വെളിപ്പെടുത്തൽ. തലനാരിഴയ്ക്കാണ് പുടിൻ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടത്. ഉയർന്ന യുക്രൈൻ സൈനിക വൃത്തമാണ് ഇക്കാര്യം പുറത്തുവിട്ടത്. പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കകൾ ഉയരുന്നതിനിടെയാണ് വെളിപ്പെടുത്തൽ.

യുക്രൈൻ പ്രതിരോധ ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ കിറിലോ ബുധാനോവ് ആണ് പുടിനുനേരെ വധശ്രമം നടന്ന വിവരം പുറത്തുവിട്ടത്. കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലുള്ള കൊക്കേഷ്യൻ പർവത പ്രദേശങ്ങളിൽ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ഫെബ്രുവരി 24ന് റഷ്യ യുക്രൈൻ അധിനിവേശം ആരംഭിച്ചതിനു പിന്നാലെയായിരുന്നു ഇതെന്ന് ബുധാനോവ് യുക്രൈൻ മാധ്യമമായ 'യുക്രൈൻസ്‌ക പ്രാവ്ദ'യോട് വെളിപ്പെടുത്തി.

പുടിനെ വകവരുത്താനുള്ള ശ്രമമുണ്ടായി. കൊക്കേഷ്യയിൽനിന്നുള്ള ഒരു സംഘമാണ് പുടിനെ ആക്രമിച്ചത്. ശ്രമം വിജയിച്ചില്ലെങ്കിലും സംഭവം രണ്ടു മാസം മുൻപ് നടന്നതാണെന്നും കിറിലോ ബുധാനോവ് വ്യക്തമാക്കി.

വെളിപ്പെടുത്തലിനെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. എന്നാൽ, ആഴ്ചകൾക്കുമുൻപ് പുടിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അദ്ദേഹം വയറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും റിപ്പോർട്ടുണ്ട്. പുടിന് രക്താർബുദമാണെന്നും ആരോഗ്യനില മോശമാണെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ഒരാളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Summary: ''Russian President Vladimir Putin survived an assassination attempt at the Caucasus shortly after Russia invaded Ukraine'', claims Major General Kyrylo Budanov, chief of the Defence Intelligence of Ukraine

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News