എയർബസ് വിമാനങ്ങളിൽ സുരക്ഷാ പ്രതിസന്ധി,വിമാന സർവീസുകളെ ബാധിച്ചേക്കും; പ്രവാസികൾ ആശങ്കയിൽ

കമ്പനിയുടെ പ്രധാന യാത്രാ വിമാനമായ A320 ശ്രേണിയിൽപ്പെട്ട 6,000ത്തോളം വിമാനങ്ങളിൽ അടിയന്തര സോഫ്റ്റ്‌വെയർ മാറ്റത്തിന് ഉത്തരവിട്ടു

Update: 2025-11-29 10:09 GMT

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള എയർബസ് A320 ശ്രേണിയിലുള്ള വിമാനങ്ങളിൽ അടിയന്തര സോഫ്റ്റ്‌വെയർ മാറ്റത്തിന് ഉത്തരവിട്ട് യൂറോപ്യൻ നിർമാതാക്കളായ എയർബസ്. കമ്പനിയുടെ പ്രധാന യാത്രാ വിമാനമായ A320 ശ്രേണിയിൽപ്പെട്ട 6,000ത്തോളം വിമാനങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കാൻ ഉത്തരവായി. ലോകമെമ്പാടുമുള്ള A320 വിമാനങ്ങളിൽ പകുതിയിലധികവും ഈ നടപടിയുടെ പരിധിയിൽ വരും. എയർബസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവിളിക്കൽ നടപടികളിലൊന്നാണിത്.

വിമാനത്തിന്റെ ഫ്‌ലൈറ്റ് കൺട്രോൾ സംവിധാനത്തിന് ആവശ്യമായ നിർണായക ഡാറ്റ അതിശക്തമായ സൗരവികിരണം മൂലം തകരാറിലാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതാണ് ഈ നടപടിക്ക് കാരണം. സുരക്ഷാ പിഴവ് ഉടൻ പരിഹരിക്കാൻ എയർലൈനുകളിലെ സുരക്ഷാ അതോറിറ്റിയായ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി നിർദേശം നൽകിയതിന് പിന്നാലെയാണ് എയർബസിന്റെ നടപടി.

Advertising
Advertising

വിമാനങ്ങൾ സർവീസ് പുനരാരംഭിക്കുന്നതിന് മുൻപ് തന്നെസോഫ്റ്റ്‌വെയറിലെ തകരാർ പരിഹരിക്കണമെന്നും ഇതിന് മണിക്കൂറുകൾ മാത്രം മതിയെന്നുമാണ് കമ്പനിയുടെ വിശദീകരണം. 85 ശതമാനം വിമാനങ്ങളും പഴയ സോഫ്റ്റ്‌വെയർ പതിപ്പിലേക്ക് മടങ്ങുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാനാകും. ബാക്കിയുള്ളവയുടെ ഹാർഡ്‌വെയർ അപ്‌ഡേറ്റ് ചെയ്യേണ്ടി വരും. സാങ്കേതികമായി ലളിതമാണെങ്കിലും വിമാനം സർവീസിന് ഉപയോഗിക്കാൻ ഇത് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

സാങ്കേതിക പ്രശ്‌നം കാരണം നിരവധി വിമാനക്കമ്പനികളുടെ സർവീസുകൾ തടസ്സപ്പെട്ടു. യൂറോപ്പിലെ പ്രമുഖ ബജറ്റ് കാരിയറായ വിസ് എയറിനാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. ചില വിമാനങ്ങൾ ഗ്രൗണ്ട് ചെയ്യേണ്ടിവന്ന സാഹചര്യത്തിൽ, വിസ് എയർ സർവീസുകളിൽ പലതും വൈകാനോ റദ്ദാക്കാനോ സാധ്യതയുണ്ടെന്ന് കമ്പനി യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. മറ്റു വിമാനക്കമ്പനികളായ അമേരിക്കൻ എയർലൈൻസ്, ലുഫ്താൻസ, ഇൻഡിഗോ തുടങ്ങിയ കമ്പനികളും സർവീസ് റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്.


Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News