'20-25 മിനിറ്റിനുള്ളിൽ ഞങ്ങൾ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു'; വൈകാരിക പ്രതികരണവുമായി ഷെയ്ഖ് ഹസീന
'എൻ്റെ നാടും വീടും ഇല്ലാതെ ഞാൻ അനുഭവിക്കുകയാണ്. എല്ലാം കത്തിനശിച്ചു'
ഷെയ്ഖ് ഹസീന
ധാക്ക: വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വൈകാരികമായ ഓഡിയോ സന്ദേശം പുറത്ത്. രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ നടത്തിയ കൊലപാതകശ്രമങ്ങളെ ക്കുറിച്ച് ഷെയ്ഖ് ഹസീന സംസാരിക്കുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. അവാമി ലീഗ് ആണ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ സന്ദേശം പുറത്തുവിട്ടത്.
രാഷ്ട്രീയ എതിരാളികൾ തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും കൊല്ലാൻ പദ്ധതി ഇട്ടുവെന്നും, 20-25 മിനിറ്റുകളുടെ വ്യത്യസത്തിലാണ് അതിൽ നിന്ന് രക്ഷപ്പെട്ടതെന്നും വിറയാർന്ന ശബ്ദത്തിൽ ഹസീന പറയുന്നു. "പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയായ ഗോനോ ഭവനിലേക്ക് ഇരച്ചുകയറിയിരുന്നു. രണ്ടു ദിവസത്തെ ഏറ്റുമുട്ടലുകളിൽ 157 പേരാണ് കൊല്ലപ്പെട്ടത്. വെറും 20-25 മിനിറ്റിനുള്ളിൽ ഞങ്ങൾ മരണത്തിൽനിന്ന് രക്ഷപ്പെട്ടു. ആക്രമണത്തെ അതിജീവിക്കാൻ, അല്ലാഹുവിന് ഒരു ഹിതം ഉണ്ടായിരിക്കണം," ഹസീന ഓഡിയോ സന്ദേശത്തിൽ പറഞ്ഞു.
2004 ഓഗസ്റ്റ് 21-ലെ ഗ്രനേഡ് ആക്രമണത്തിൽ നിന്ന് ഹസീന പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. അന്ന് 24 പേരാണ് ആക്രണത്തിൽ കൊല്ലപ്പെട്ടത്. 2000 ജൂലൈയിൽ നടന്ന ബോംബാക്രമണവും ഹസീന സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. "എൻ്റെ നാടും വീടും ഇല്ലാതെ ഞാൻ അനുഭവിക്കുകയാണ്. എല്ലാം കത്തിനശിച്ചു", പൊട്ടിക്കരഞ്ഞ് കൊണ്ട് ഷെയ്ഖ് ഹസീന പറഞ്ഞു.
പ്രധാനമന്ത്രി പദം രാജിവച്ചതിന് ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് സഹോദരി രഹനയ്‌ക്കൊപ്പം ധാക്ക വിട്ട ഹസീന ഇന്ത്യയിലാണ് അഭയം തേടിയത്. ഹസീനയെ അടിയന്തരമായി കൈമാറാൻ ബംഗ്ലാദേശ് ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ അതിന് തയ്യാറായിട്ടില്ല. ഫെബ്രുവരി 12നകം ഷെയ്ഖ് ഹസീനയെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ധാക്ക കോടതി ഉത്തരവിട്ടിരിക്കുകയാണ്.