ഷട്ട്ഡൗൺ: യുഎസില്‍ വിമാന സർവീസുകൾ റദ്ദാക്കുന്നു, പ്രതിസന്ധി രൂക്ഷം, ആശങ്ക
വെള്ളിയാഴ്ച സര്‍വീസ് നടത്താനിരുന്ന 760ലധികം വിമാനങ്ങള്‍ വെട്ടിക്കുറച്ചുവെന്നാണ് വിമാന സർവീസുകള്‍ നിരീക്ഷിക്കുന്ന ഫ്ലൈറ്റ്അവെയർ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളം Photo-Reuters
വാഷിങ്ടണ്‍: സർക്കാർ ഷട്ട്ഡൗൺ കാരണം യുഎസില്‍ വിമാന സർവീസുകൾ റദ്ദാക്കുന്നത് വര്‍ധിക്കുന്നു. ജീവനക്കാരുടെ കുറവ് കാരണം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പ്രകാരം നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കുന്നത്.
വെള്ളിയാഴ്ച സര്‍വീസ് നടത്താനിരുന്ന 760ലധികം വിമാനങ്ങള്‍ വെട്ടിക്കുറച്ചുവെന്നാണ് വിമാന സർവീസുകള്‍ നിരീക്ഷിക്കുന്ന ഫ്ലൈറ്റ്അവെയർ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ചയിലെ വെട്ടിക്കുക്കലിനെക്കാള്‍ ഇരട്ടിയാണിത്. സംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.
ന്യൂയോർക്ക്, ലൊസാഞ്ചലസ്, ഷിക്കാഗോ എന്നിവയുൾപ്പെടെ യുഎസിലുടനീളമുള്ള ഏറ്റവും തിരക്കേറിയ 40 വിമാനത്താവളങ്ങളിലെ വിമാനങ്ങൾ വെട്ടിക്കുറയ്ക്കാനാണ് ഉത്തരവ്. എന്നാൽ അതിന്റെ ആഘാതം പല ചെറിയ വിമാനത്താവളങ്ങളെയും ബാധിക്കും. വിമാന ഷെഡ്യൂളുകളിൽ 10 ശതമാനം കുറവ് വരുത്താൻ വിമാനക്കമ്പനികൾ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കുമെന്നാണ് വിവരം. ചെറുകിട, ഇടത്തരം നഗരങ്ങളിലേക്കും തിരിച്ചുമുള്ള റൂട്ടുകൾ വെട്ടിക്കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ചില വിമാനക്കമ്പനികൾ പദ്ധതിയിടുന്നതെന്ന വാര്‍ത്തകളും വരുന്നുണ്ട്. രാജ്യാന്തര വിമാന സര്‍വീസുകളെ ബാധിക്കില്ലെന്നാണ് പറയപ്പെടുന്നതെങ്കിലും ഉറപ്പില്ല.
അതേസമയം, ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ വാഷിംഗ്ടണില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനിടെ ഷട്ട്ഡൗണില്‍ ഭക്ഷ്യസഹായം മുടങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് പൗരന്മാര്‍.
യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ‘അടച്ചുപൂട്ടൽ’ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രണ്ടാം ട്രംപ് സർക്കാരിന്റെ ഭരണസ്തംഭനം (യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ). 2018-19ലെ 35 ദിവസത്തെ റെക്കോർഡാണ് 36-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നത്. പ്രവർത്തിക്കാൻ പണമില്ലാതെ സർക്കാർ ഓഫിസുകൾ മിക്കതും അടച്ചുപൂട്ടിയതോടെ പതിനായിരങ്ങളാണ് ശമ്പളമില്ലാ അവധിയിലേക്ക് പോകാൻ നിർബന്ധിതരായത്. ഇതാണ് രാജ്യത്തെ വ്യോമയാന മേഖലയേയും ബാധിക്കുന്നത്.