കാറില്‍ നായയുടെ വിസര്‍ജ്യം പുരട്ടി, ഇന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ ഭീഷണി; സിഖ് യുവാവിന് ആസ്ത്രേലിയയില്‍ വംശീയാധിക്ഷേപം

സംഭവം സിംഗ് പൊലീസിനെ അറിയിച്ചിട്ടുണ്ട്

Update: 2023-11-17 02:38 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

സിഡ്നി: ആസ്ത്രേലിയയില്‍ സിഖ് യുവാവ് വംശീയാധിക്ഷേപത്തിന് ഇരയായി. കഴിഞ്ഞ മൂന്നുമാസമായി ഇയാള്‍ വംശീയമായ അധിക്ഷേപത്തിന് ഇരയാവുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികൾ നിരവധി തവണ കാറിന്‍റെ ഡോർ ഹാൻഡിലുകളിൽ നായയുടെ വിസർജ്യം പുരട്ടുകയും 'വീട്ടിലേക്ക് തിരിച്ചുപോകൂ' എന്നാവശ്യപ്പെട്ട് ഭീഷണിക്കത്തുകളും അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആസ്ത്രേലിയയിലെ ഹോബാര്‍ട്ടില്‍ ഇന്ത്യന്‍ റസ്റ്റോറന്‍റ് നടത്തുന്ന ജര്‍ണൈല്‍ സിംഗിനാണ് ഭീഷണി ലഭിച്ചത്. സിംഗിന്‍റെ കാറിന്‍റെ ഡോര്‍ ഹാന്‍ഡിലില്‍ തുടര്‍ച്ചയായി നായയുടെ വിസര്‍ജ്യം കണ്ടെത്തിയതായി ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. സംഭവം സിംഗ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ സിംഗിന് ഭീഷണിക്കത്തുകൾ ലഭിക്കാൻ തുടങ്ങി. ആദ്യ കത്തിൽ നിറയെ വംശീയ പരാമർശങ്ങളായിരുന്നു. ഇതിനെ തുടര്‍ന്ന് സിംഗ് പൊലീസിൽ പരാതി നൽകി. ഒരു മാസത്തിനു ശേഷം വീണ്ടുമൊരു ഭീഷണിക്കത്ത് ലഭിച്ചു. ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമെന്ന ഭീഷണിയാണ് അതിലുണ്ടായിരുന്നത്. കൂടാതെ റസ്റ്റോറന്‍റിനും വീടിനും കേടുപാടുകള്‍ വരുത്തുമെന്നും ഭീഷണിപ്പെടുത്തി. ജര്‍ണൈല്‍ സിംഗിന്‍റെ കാറിലും അജ്ഞാതര്‍ കോറിവരച്ചിട്ടുണ്ട്.

ഇതു തന്നെ മാനസികമായി തളര്‍ത്തിയെന്ന് സിംഗ് എബിസിയോട് പറഞ്ഞു. അതേസമയം അന്വേഷണം നടക്കുകയാണെന്നും ടാസ്മാനിയ പൊലീസ് കമാൻഡർ ജേസൺ എൽമർ പറഞ്ഞു. വാക്കാലോ പ്രവൃത്തിയാലോ ഉള്ള ഒരുതരത്തിലുള്ള പീഡനവും അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News