വാക്സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി സോഷ്യല്‍ മീഡിയ ആളുകളെ കൊല്ലുകയാണെന്ന് ജോ ബൈഡന്‍

വാക്സിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ചയാണ് യു.എസ് സര്‍ജന്‍ വിവേക് മൂര്‍ത്തി ഇതിനെതിരെ രംഗത്ത് വന്നത്

Update: 2021-07-17 04:52 GMT

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി കോവിഡ് വാക്സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. വാക്സിനെതിരെ തെറ്റിദ്ധാരണജനകമായ പ്രചരണങ്ങള്‍ നടത്തുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന യു.എസ് സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ബൈഡനും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

കോവിഡ് വാക്‌സിനുകളെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിക്കുന്ന ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ആളുകളെ കൊല്ലുകയാണ്. കുത്തിവെപ്പ് എടുക്കാത്തത് പകര്‍ച്ചവ്യാധിയെക്കാള്‍ ഗുരുതരമാണെന്നും ബൈഡന്‍ പറഞ്ഞു.

Advertising
Advertising

വാക്സിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ചയാണ് സര്‍ജനായ വിവേക് മൂര്‍ത്തി ഇതിനെതിരെ രംഗത്ത് വന്നതു. തെറ്റായ വിവരങ്ങളുടെ നിജസ്ഥിതി മനസിലാക്കാന്‍ നാം ശ്രമിക്കണമെന്നും നിരവധി ജീവനുകള്‍ അതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും, തെറ്റായ വിവരങ്ങളുടെ പ്രചരണത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകൾ നിർമ്മിച്ചിരിക്കുന്നതെന്നും മൂര്‍ത്തി ആരോപിച്ചു. കുപ്രചരണങ്ങളില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ 3.3 ദശലക്ഷത്തിലധികം അമേരിക്കക്കാർ വാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ തങ്ങളുടെ വാക്സിന്‍ ഫൈന്‍ഡര്‍ ഉപയോഗപ്പെടുത്തിയെന്നും അങ്ങനെ നോക്കുമ്പോള്‍ ഫേസ്ബുക്ക് ജീവനുകളെ രക്ഷിക്കുകയാണെന്നും ഫേസ്ബുക്ക് വക്താവ് ഡാനി ലീവര്‍ പറഞ്ഞു. കോവിഡ് മഹാമാരിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ തങ്ങള്‍ ഇതുവരെ സ്വീകരിച്ച രീതി തുടരുമെന്ന് ട്വിറ്ററും വ്യക്തമാക്കി.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News