‘ഗസ്സക്കാരെ കുടിയിറക്കാൻ അനുവദിക്കില്ല’; ട്രംപിനെതിരെ സ്പാനിഷ് പ്രധാനമന്ത്രി
‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസിനും കഴിയില്ല’
മഡ്രിഡ്: ഫലസ്തീനികളെ കുടിയിറക്കാനും ഗസ്സയെ മധ്യേഷ്യയിലെ സുഖവാസ കേന്ദ്രമാക്കി മാറ്റാനുമുള്ള യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ പദ്ധതിക്കെതിരെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഗസ്സയിൽ നാം കണ്ട കളങ്കവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും മറച്ചുവെക്കാൻ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസിനും കഴിയില്ല. നമ്മൾ അത് അനുവദിക്കരുത്. സ്പെയിനിൽനിന്ന്, ഞങ്ങൾ അത് അനുവദിക്കില്ലെന്നും സാഞ്ചസ് പറഞ്ഞു. ഫലസ്തീനികളും ഇസ്രായേലികളും സമാധാനത്തിലും ഐക്യത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാൻ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നും സ്പെയിനിലെ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് വ്യക്തമാക്കി.
അമേരിക്ക ഗസ്സ ഏറ്റെടുക്കുകയും സ്വന്തമാക്കുകയും ചെയ്യുമെന്നും സുഖവാസ കേന്ദ്രമാക്കി മാറ്റാൻ അവിടത്തെ മുഴുവൻ ജനങ്ങളെയും അയൽ രാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നും ദിവസങ്ങൾക്ക് മുമ്പ് ട്രംപ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സ്പാനിഷ് പ്രധാനമന്ത്രി.
യൂറോപ്യൻ നേതാക്കൾ തീവ്ര വലതുപക്ഷ പാർട്ടികൾക്ക് പിന്തുണ നൽകണമെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്‍റെ പ്രസ്താവനയെയും സാഞ്ചസ് വിമർശിച്ചു. അന്താരാഷ്ട്ര തീവ്ര വലതുപക്ഷം ആഗ്രഹിക്കുന്നത് യൂറോപ്പിനെ ഉള്ളിൽനിന്ന് നശിപ്പിക്കുക എന്നതാണ്. ഇന്ന് നമുക്ക് എക്കാലത്തേക്കാളും കൂടുതൽ യൂറോപ്പ് ആവശ്യമാണ്. സ്പെയിൻ പോലുള്ള രാജ്യങ്ങൾക്കും ഹംഗറി പോലുള്ള തീവ്ര വലതുപക്ഷ നേതൃത്വത്തിലുള്ള രാജ്യങ്ങൾക്കുമെതിരെ തീരുവ ചുമത്തുമ്പോൾ, സ്പെയിനിലെ വലതുപക്ഷ ഗ്രൂപ്പുകൾ അമേരിക്കയെ വിമർശിക്കുന്നത് ഒഴിവാക്കുകയാണ്. അവർ ദുർബലരോട് കർക്കശക്കാരാണ്, പക്ഷേ ശക്തർക്ക് അടിമകളാണ്. അവർ രാജ്യത്തിനല്ല, പണത്തിനാണ് ഒന്നാം സ്ഥാനം നൽകുന്നതെന്നും സാഞ്ചസ് കുറ്റപ്പെടുത്തി.
സാമൂഹിക ക്ഷേമം സ്വകാര്യവൽക്കരിക്കാനും മനുഷ്യാവകാശങ്ങൾ പിൻവലിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ അവഗണിക്കാനും ആഗ്രഹിക്കുന്ന നവലിബറലുകളും ശതകോടീശ്വരന്മാരും തീവ്ര വലതുപക്ഷക്കാരും അടങ്ങുന്ന ബഹുരാഷ്ട്ര വിഭാഗമാണ് തീവ്ര വലതുപക്ഷം. നമ്മൾ അവരെ അംഗീകരിച്ചാൽ നമ്മുടെ പരാജയം ആരംഭിക്കും. ഇതിനെതിശര നാം ശബ്ദമുയർത്തേണ്ടതുണ്ട്. താൻ വ്യാപാര യുദ്ധങ്ങൾക്ക് എതിരാണ്. സ്പാനിഷ് തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്കായി പോരാടും. ഏകപക്ഷീയമായി അന്താരാഷ്ട്ര നിയമം ലംഘിക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ സ്പെയിൻ നിലകൊള്ളുമെന്നും ബഹുരാഷ്ട്രവാദത്തിനായി പോരാടുമെന്നും സാഞ്ചസ് കൂട്ടിച്ചേർത്തു.