'ഗസ്സയിൽ വംശഹത്യ അവസാനിപ്പിക്കൂ': ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാനറുമായി പിഎസ്ജി ആരാധകർ
മത്സരം അവസാനിക്കുന്നതു വരെ ഫലസ്തീൻ പതാകയും കഫിയയും ഇസ്രായേലിന്റെ അക്രമണങ്ങളെ അപലപിക്കുന്ന ബാനറുകളും ഗാലറി കൈയടക്കി
പാരിസ്: യുഎഫ്ഇഎ ചാമ്പ്യൻസ് ലീഗ് വേദിയിൽ ഫലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് പിഎസ്ജി ആരാധകർ. ശനിയാഴ്ച മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫെനലിന്റെ വേദിയിലാണ് ഫലസ്തീനനുകൂല ബാനറുകളുമായി പിഎസ്ജി ആരാധകരെത്തിയത്.
മൊറോക്കോയിൽ നിന്നുള്ള അശ്‌റഫ് ഹക്കിമി പിഎസ്ജിക്കു വേണ്ടി ആദ്യ ഗോൾ നേടിയതിനു പിന്നാലെയാണ് 'ഗസ്സയിൽ വംശഹത്യ അവസാനിപ്പിക്കൂ' എന്നാവശ്യപ്പെടുന്ന ബാനറുകൾ ആരാധകർ ഗാലറിയിൽ നിന്നും ഉയർത്തിയത്. മത്സരം അവസാനിക്കുന്നതു വരെ ഫലസ്തീൻ പതാകയും കഫിയയും ഇസ്രായേലിന്റെ അക്രമണങ്ങളെ അപലപിക്കുന്ന ബാനറുകളും ഗാലറി കൈയടക്കി. നമ്മെളെല്ലാവരും ഗസ്സയുടെ കുട്ടികളാണെന്നർഥം വരുന്ന മുദ്രാവാക്യവുമുയർത്തിയാണ് ആരാധകർ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
ഇതാദ്യമായല്ല പിഎസ്ജി ആരാധർ ഗസ്സയ്ക്കു വേണ്ടി ആഗോള വേദികൾ ഉപയോഗിക്കുന്നത്. 2024 നവംബറിൽ അത്‌ലെറ്റികോ മാഡ്രിഡുമായുള്ള ഗ്രൂപ്പ് മത്സരത്തിൽ 'ഫ്രീ ഫലസ്തീൻ' എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചത് വ്യാപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശനിയാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ ക്ലബിനെ 5-0 ത്തിന് തോൽപിച്ച് പിഎസ്ജി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. ഡിസൈർ ഡൂയെ ഇരട്ടഗോളുകൾ (20, 63ാം മിനിറ്റുകൾ) നേടിയപ്പോൾ അശ്‌റഫ് ഹക്കീമി (12), ക്വരത്സ്‌ഖേലിയ (73), മയൂലു (86) എന്നിവരാണ് പിഎസ്ജിയുടെ മറ്റു സ്‌കോറർമാർ.